തല്ലി പഠിപ്പിക്കേണ്ട കാര്യമില്ല
അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നല്ല തല്ല് കിട്ടി വളർന്ന ഒരു മുതിർന്ന തലമുറയാണ് നമ്മുടെ നാട്ടിൽ ഇന്ന് അധിവസിക്കുന്നതിൽ ഭൂരിപക്ഷവും. സ്‌കൂളിൽ സാധാരണ കൂടുതൽ തല്ലുന്നത് കണക്ക് സാറന്മാരായിരുന്നു. അങ്ങനെ തല്ലുകിട്ടിയതുകൊണ്ടു മാത്രം കണക്കിന് മിടുക്കരായിട്ടുള്ളവർ അധികമില്ല. മാത്രമല്ല, കണക്കിനെ കൂടുതൽ ഭയാശങ്കയോടെ വീക്ഷിക്കാനും ആ വിഷയത്തിൽ പിന്നാക്കം പോകാനുമേ ഈ തല്ലുകൾ ഫലത്തിൽ ഇടയാക്കിയിട്ടുള്ളൂ. ഒരു അദ്ധ്യാപകൻ തല്ലിയതുകൊണ്ടു മാത്രം ഒരു കുട്ടിയും കൂടുതൽ പഠിച്ച് മിടുക്കനാവണമെന്നില്ല. തല്ലാതിരുന്നതുകൊണ്ട് വഷളായിപ്പോകണമെന്നുമില്ല. കുടുംബത്തിലെയും അദ്ധ്യാപന രംഗത്തെയും മറ്റും ഇടപഴകലുകളിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വന്നുകഴിഞ്ഞു. പണ്ടൊക്കെ ഗൃഹനാഥൻ വളരെ ഗൗരവം പുലർത്തുന്ന കഥാപാത്രമായിരുന്നു. ഇന്നത്തെ കുട്ടികളിൽ ഭൂരിപക്ഷവും വളരെ സ്വാതന്ത്ര്യത്തോടും സ്നേഹത്തോടുമാണ് മാതാപിതാക്കളോട് ഇടപഴകുന്നത്.
കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന സംഭവങ്ങളും കേസുകളും പൂർണമായി ഒഴിവായി എന്നല്ല പറയുന്നത്. പക്ഷേ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുങ്ങിയിരിക്കുന്നു. പൊതുവെ കുട്ടികളെ തല്ലരുത്; പ്രത്യേകിച്ച് കൊച്ചുകുട്ടികളെ എന്ന ധാരണ രൂഢമൂലമായിരിക്കുന്ന കാലഘട്ടമാണിത്. ചില വികസിത വിദേശ രാജ്യങ്ങളിൽ കൊച്ചുകുട്ടികളോട് കയർത്തു സംസാരിക്കുന്ന മാതാപിതാക്കൾ ജയിൽശിക്ഷ പോലും അനുഭവിക്കേണ്ടിവരും. കെച്ചുകുട്ടികൾക്ക് ആ രാജ്യം കല്പിക്കുന്ന പ്രാധാന്യവും കരുതലുമാണ് അത്തരം നടപടികളിൽ പ്രകടമാകുന്നത്.
നമ്മുടെ നാടും ആ ദിശയിലേക്കു തന്നെയാണ് സഞ്ചരിക്കുന്നത് എന്നത് ബോദ്ധ്യപ്പെടുത്തുന്നതാണ് കുട്ടികളെ ശിക്ഷിക്കാൻ അദ്ധ്യാപകർക്ക് അവകാശമില്ല എന്ന ഹൈക്കോടതി വിധി. അതേസമയം ചെറിയ ശിക്ഷകൾ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കാൻ അദ്ധ്യാപകർക്ക് അവകാശമില്ലെന്നും തല്ലിയില്ലെങ്കിൽ അവർ ചീത്തയാകും എന്നതിനോട് യോജിക്കാനാവില്ലെന്നുമാണ് ഹൈക്കോടതി ജസ്റ്റിസ് സി. ജയചന്ദ്രൻ ഉത്തരവിൽ പറഞ്ഞത്. ക്ളാസിൽ ശ്രദ്ധിക്കാത്തതിന് ആറുവയസുകാരിയെ ചൂരൽകൊണ്ട് അടിച്ചതിന് അദ്ധ്യാപികയ്ക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും, കേട്ടെഴുത്ത് നന്നായി ചെയ്യാത്തതിന് ഒമ്പതുവയസുകാരനായ വിദ്യാർത്ഥിയെ ചൂരൽകൊണ്ട് അടിച്ചതിന് അദ്ധ്യാപികയ്ക്കെതിരെയുള്ള സുൽത്താൻബത്തേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ, എറണാകുളം പറവൂരിൽ സ്‌കൂൾ വാർഷികത്തിന് നൃത്തം പഠിപ്പിക്കാൻ താത്കാലികമായി നിയോഗിച്ച അദ്ധ്യാപകൻ ഒമ്പതുകാരിയെ പി.വി.സി പൈപ്പുകൊണ്ട് അടിച്ചതിന് എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കേസിൽ പുതിയ കുറ്റപത്രം നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരൽ പ്രയോഗം കുറ്റമാണെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ബാലനീതി നിയമത്തിലെ ഈ വകുപ്പ് സ്‌കൂളിനും അദ്ധ്യാപകർക്കും ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അദ്ധ്യാപകരുടെ ലക്ഷ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. അനുചിതമല്ലാത്തതും ദുരുദ്ദേശ്യമില്ലാത്തതും ആണെങ്കിൽ ഇത്തരം പ്രവൃത്തികളെ അനാവശ്യമെന്ന് പറയാനും, നിയമപരമായി തെറ്റായി കണക്കാക്കാനും കഴിയില്ല. എന്നാൽ, കുട്ടിയെ സാരമായി പരിക്കേൽപ്പിക്കുന്നതിനെയോ മാരകമായി ദ്രോഹിക്കുന്നതിനെയോ ക്രിമിനൽ കുറ്റമായി പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കാലം മാറുന്നതനുസരിച്ച് അദ്ധ്യാപകരും മാറണം. അടിച്ചാലേ അനുസരിക്കൂ എന്ന മുൻവിധി പഴയ കാലത്തിന്റേതാണ്. അന്നത്തെ കുട്ടികൾക്ക് വീട്ടിൽ നിന്ന് അടി വാങ്ങി പരിചയമുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് അതില്ല. അതിനാൽ കാലം തെറ്റിയുള്ള ചൂരൽ പ്രയോഗങ്ങൾ അവരിൽ കഠിനമായ മാനസിക സമ്മർദ്ദവും ക്ളേശവുമാവും സൃഷ്ടിക്കുക. തല്ലാതെ പഠിപ്പിക്കാൻ നൂതനവും ക്രിയാത്മകവുമായ മാർഗങ്ങളുണ്ട്. അതിൽ പ്രാവീണ്യം നേടാനാണ് അദ്ധ്യാപകർ ശ്രദ്ധിക്കേണ്ടത്.