പോക്സോ പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും
കാട്ടാക്കട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും.മാറനല്ലൂർ അരുവിക്കര ചെറുത്തല കുളത്തിൻകര പുത്തൻ വീട്ടിൽ നിന്ന് ഇപ്പോൾ കല്ലിയൂർ വെള്ളായണി ബെൻസി വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന അനു(രാജേഷ് കുമാർ-38)വിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഏഴ് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2022 ആഗസ്റ്റ് ഒൻപതിനാണ് കേസിനാസ്പദമായ സംഭവം.പ്രതി മൊബൈൽ ഫോൺ വഴി കുട്ടിയെ പരിചയപ്പെടുകയും അരുവിക്കരയിലെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.പെൺകുട്ടിയെ കാണാതായപ്പോൾ രക്ഷിതാക്കൾ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.തുടർ അന്വേഷണത്തിൽ പ്രതിയുടെ വീടിന് സമീപത്തുനിന്നു കണ്ടെത്തുകയുമായിരുന്നു.പ്രതിയുടെ വീട്ടിൽ നിന്ന് തൊണ്ടി സാധനങ്ങൾ പൊലീസ് കണ്ടെത്തി. വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കേസിന് നിർണ്ണായക തെളിവുണ്ടാക്കിയത്.അന്നത്തെ മാറനല്ലൂർ എസ്.എച്ച്.ഒ എസ്.സന്തോഷ് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.