ത​ദ്ദേശസ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളും ചുമലിൽ: അമിതഭാരത്തിൽ തളർന്ന് പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർ

Tuesday 08 July 2025 6:27 PM IST

കണ്ണൂ‌ർ: സ്കൂൾ നടത്തിപ്പെന്ന ഭാരിച്ച ചുമതലയ്ക്ക് പുറമെ ത​ദ്ദേശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ കൂടി ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെട്ട് പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർ കടുത്ത സമ്മർദ്ദത്തിൽ . ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട ചു​മ​ത​ല കൂ​ടി വ​രു​മ്പോ​ൾ സ്കൂളുകളിൽ കാര്യക്ഷമമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇവർക്കുള്ളത്.

ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കേണ്ടി വരുന്നത്.പദ്ധതിയുടെ മേൽനോട്ടചുമതലയും പ്രധാനാദ്ധ്യാപകർക്കാണ്.ഇതിനു പുറമെ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റും പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ നിർവഹിക്കേണ്ടതുണ്ട്. വി​ര​മി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും പ​ല​ർ​ക്കും ഓ​ഡി​റ്റ് മ​റു​പ​ടി ന​ൽ​കാ​ൻ ഓ​ഫീസ് ക​യ​റി​യി​റങ്ങേ​ണ്ട അ​വ​സ്ഥ​യു​ണ്ട്. വെല്ലുവിളികൾ ഏ​റെ​യു​ള്ള​തിനാൽ ത​ന്നെ ഇ​ത്ത​രം ചു​മ​ത​ല​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ധാ​നാ​ദ്ധ്യാ​പ​ക​രാ​കാ​ൻ തന്നെ പലരും മ​ടി​ക്കു​ക​യാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു അ​ധി​ക അ​ദ്ധ്യാപ​ക​നെ അ​നു​വ​ദി​ച്ചി​രു​ന്നതാണ്.എന്നാൽ നാ​ലു വ​ർ​ഷ​മാ​യി ഈ സം​വി​ധാ​ന​വു​മി​ല്ല. കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ​സ​മ​യം അ​ദ്ധ്യാ​പ​ക​നെ ല​ഭി​ക്കണമെന്ന നി​യ​മം നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ അ​ധി​ക ജോ​ലി​യി​ലൂ​ടെ വി​ദ്യാ​ല​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്ന​ത്.

സർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ പ്രധാനാദ്ധ്യാപകൻ ഒരു പ്രത്യേക ക്ലാ​സി​ന്റെ പൂ​ർ​ണ ചു​മ​ത​ല​യും ഏറ്റെടുക്കേണ്ടതുണ്ട്.ഇതിനെല്ലാം ഇടയിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് വേണ്ടി പ്രധാനാദ്ധ്യാപകർ മാറി നിൽക്കേണ്ടി വരുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ തന്നെ താളം തെറ്റിക്കുന്നു.

പ്രൈമറി ഹെഡ്മാസ്റ്ററുടെ പ്രധാന ചുമതലകൾ

സർക്കാരിൽ നിന്നും ഡിപ്പാർട്ട്മെന്റിൽ നിന്നും പുറപ്പെടുവിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുസരിച്ച് പ്രവർത്തിക്കുക

സ്കൂളിൽ അച്ചടക്കം

അദ്ധ്യാപകർക്കിടയിൽ ജോലി വിഭജിച്ചും പരീക്ഷകൾ നടത്തിയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിക്കുക

അദ്ധ്യാപകരുടെ ജോലി പരിശോധിക്കുക

കുട്ടികളുടെ ഉച്ചഭക്ഷണം

യോഗങ്ങൾ

ക്ളാസ് ചുമതല

തദ്ദേശസ്ഥാപനം നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികൾ

സ്‌കൂളുകളുടെ ഫിറ്റ്നസ്

ശുചി മുറി,​കഞ്ഞിപ്പുര നിർമ്മാണം

അധിക അദ്ധ്യാപകരെ സ്വന്തം നിലയിൽ നിയമിക്കൽ

സ്‌കൂൾ വികസന പ്രവർത്തനം

സർക്കാർ,​തദ്ദേശസ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഫയലുകൾ തയ്യാറാക്കൽ

ഡാറ്റ അപ്‌ഡേഷൻ,പ്രൊജ്ര്രക് റിപ്പോർട്ട് തയ്യാറാക്കൽ,ഇൻസ്‌പെക്ഷനുകൾ

വിവിധ പദ്ധതികൾ സംബന്ധിച്ചുള്ള യോഗങ്ങൾ

പഞ്ചായത്തിന് നേരിട്ട് നടപ്പിലാക്കാം

സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളു​ക​ൾ ഇ​ല്ലാ​ത്ത പഞ്ചായത്തുകളെല്ലാം നേ​രി​ട്ടാണ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നത്. ക്ലാ​സ് ചു​മ​ത​ല, ഉ​ച്ച​ഭ​ക്ഷ​ണം, ട്ര​ഷ​റി, യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ജോ​ലി​ക​ൾ ഉ​ള്ള​പ്പോ​ഴാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണമെന്ന ഭാരം കൂടി തലയിലേറ്റേണ്ടി വരുന്നത്.ഗ്രാമപഞ്ചായത്ത് തലത്തിൽ തന്നെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കാൻ സംവിധാനമുണ്ടാകണമെന്നാണ് പ്രൈമറി സ്കൂൾ പ്രധാനദ്ധ്യാപകരുടെ ആവശ്യം.