ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്: പ്രതി അറസ്റ്റിൽ
ആലപ്പുഴ: കുട്ടനാട് തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്ററ്റീവിനെ ഓൺലൈൻ ബിഡിംഗ് കമ്പനിയുടെ പ്രതിനിധിചമഞ്ഞ് ഷെയർ ട്രേഡിംഗിലൂടെ ലാഭവും ഓൺലൈൻ ജോബും വാഗ്ദാനം ചെയ്ത് 25,51,897 രൂപ തട്ടിയ കേസിലെ മറ്റൊരു പ്രതികൂടി അറസ്റ്റിൽ.
മലപ്പുറം മൂർക്കനാട് 16-ാം വാർഡിൽ തെങ്കാശി കരയിൽ കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ കെ.പി. സുനീഷിനെയാണ് (26) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ പണം ചെക്ക് വഴിയും എ.ടി.എം മുഖേനയും പിൻവലിച്ചാണ് പ്രതി ഓൺലൈൻ തട്ടിപ്പ് നടത്തിയത്. അന്വേഷണം നടത്തി വരുന്നതായും തെലങ്കാന, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ വിവിധ കേസുകളിൽ പ്രതിയാണിയാണ് ഇയാളെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എസ്. സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.എസ്. ശരത്ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജേക്കബ് സേവ്യർ, കെ.യു. ആരതി, പി.എം. അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.