ജില്ലയിൽ 1222 പേർ ഹയർ സെക്കൻഡറി തുല്യത പരീക്ഷയെഴുതും

Wednesday 09 July 2025 2:44 AM IST

ആലപ്പുഴ: പ്രായത്തിന്റെ പരിമിതികളെ പരാജയപ്പെടുത്തി 1222 പേർ ജില്ലയിൽ ഹയർ സെക്കൻഡറി തുല്യതാപരീക്ഷ എഴുതും. നാളെ മുതൽ പരീക്ഷ ആരംഭിക്കും. ജില്ലയിൽ എട്ട് സ്‌കൂളുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതുന്നവരിൽ 857പേരും സ്ത്രീകളാണ്. എസ്.സി വിഭാഗത്തിൽ നിന്ന് 165 പേരും എസ്.ടി വിഭാഗത്തിൽ നിന്ന് രണ്ടുപേരും തുല്യതാപരീക്ഷ എഴുതുന്നുണ്ട്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന പി.ഡി. ഗോപിദാസാണ് (79) ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാവേലിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന ശ്രീശാന്ത് (24), സുധീർകുമാർ (24) എന്നിവരാണ് പ്രായം കുറഞ്ഞ പഠിതാക്കൾ.

ഭിന്നശേഷിക്കാരായ നിരവധിപേർ പരീക്ഷ എഴുതുന്നുണ്ട്. മാവേലിക്കര ജ്യോതിസ് സ്കൂളിലെ 7 പേർ പരീക്ഷ എഴുതാൻ എത്തും. പരീക്ഷ എഴുതുന്നവരിൽ 5 പേർ ജനപ്രതിനിധികളാണ്. മാവേലിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അമ്മയും രണ്ടുമക്കളും ഒരുമിച്ചിരുന്ന് പരീക്ഷ എഴുതും. ജില്ലയിലാകെ അഞ്ച് ദമ്പതിമാരും പരീക്ഷ എഴുതുന്നുണ്ട്.