ആശമാർക്കായി ഓണക്കോടി നെയ്ത് കൈത്തറിത്തൊഴിലാളികൾ

Wednesday 09 July 2025 5:00 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് തിരുവോണനാളിൽ ഉടുക്കുന്നത് കൈത്തറിത്തൊഴിലാളികൾ നെയ്ത ഓണക്കോടി!. ഏഴുമാസമായി വേതനം ലഭിക്കാതെ വലയുന്ന കൈത്തറിത്തൊഴിലാളികളാണ് ഓണക്കോടിയുമായി ആശമാരെ കാണാനെത്തിയത്. കൈത്തറിയിൽ നെയ്തെടുത്ത 101 സാരികളും സെറ്റുമുണ്ടുകളുമാണ് ഇവർ ആശമാർക്ക് സമ്മാനിച്ചത്.

കേരള കൈത്തറിത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിലാണ് വിതരയൂണിയൻ അംഗങ്ങൾ ഇന്നലെ രാവിലെ സമരപ്പന്തലിലെത്തിയത്. ഏഴ് മാസമായി ശമ്പളകുടിശിക ലഭിക്കാതെ വലയുകയാണ് തങ്ങളെന്ന് തൊഴിലാളികൾ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനിക്ക് കൈത്തറിസാരി നൽകി ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ അദ്ധ്യക്ഷനായി. കൈത്തറിത്തൊഴിലാളി കോൺഗ്രസ് നേതാവ് വണ്ടന്നൂർ സദാശിവൻ പങ്കെടുത്തു.

ഓണക്കോടി

ധരിച്ച് സമരം

തിരുവോണനാളിൽ സമ്മാനമായി ലഭിച്ച സാരി ധരിച്ചായിരിക്കും തങ്ങൾ സമരവേദിയിലുണ്ടാവുകയെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു.