ഐശ്വര്യയും അഭിഷേകും മകൾ ആരാധ്യക്ക് സോഷ്യൽ മീഡിയയും സ്മാർട്ട് ഫാേണും നൽകിയിട്ടില്ല; കാരണം
മകൾ ആരാധ്യ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടൻ അഭിഷേക് ബച്ചൻ. നയൻദീപ് രക്ഷിത്തിന്റെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മകളെ മികച്ച രീതിയിൽ വളർത്തുന്നതിന് ഭാര്യ ഐശ്വര്യറായിയെ അഭിഷേക് പ്രശംസിച്ചു.
'എന്റെ മകൾ ഒരു സമൂഹമാദ്ധ്യമങ്ങളിലും ഇല്ല. അവൾക്ക് സ്വന്തമായി ഫോണില്ല. മകളെ ഉത്തരവാദിത്വമുള്ള പെൺകുട്ടിയായാണ് വളർത്തിയതെന്ന് വിശ്വസിക്കുന്നു. അവളുടെ വ്യക്തിത്വം മാറ്റാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഉള്ളതുപോലെ തന്നെ തുടരും. മകൾ ഒരു യുവതിയായി മാറുകയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനവും സന്തോഷവുമാണ് ആരാധ്യ. അതിൽ ഞാനും ഐശ്വര്യയും ഭാഗ്യം ചെയ്തവരാണ്. എല്ലാ തിരക്കുകളും ഒഴിഞ്ഞ് സന്തോഷവും സമാധാനവുമുള്ള കുടുംബത്തിലേക്ക് മടങ്ങുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ് ' അഭിഷേക് ബച്ചൻ പറഞ്ഞു.
'ആരാധ്യയുടെ ആവശ്യങ്ങൾ പരിപാലിക്കുന്നതിനും മകളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും ഐശ്വര്യക്കാണ് ഫുൾ ക്രഡിറ്റ്. എല്ലാത്തിനുമുപരിയായി കുട്ടികൾക്ക് മുൻഗണന നൽകാനുള്ള കഴിവ് അമ്മമാർക്ക് ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്'. അഭിഷേക് പറഞ്ഞു. സോഷ്യൽ മീഡിയയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കുവച്ചു. സമൂഹമാദ്ധ്യമങ്ങൾ ആരോഗ്യകരമായ ചർച്ചകൾക്കുള്ള വേദിയല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രൊഫഷണൽ ആവശ്യങ്ങൾക്കാണ് പ്രധാനമായും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്നും താരം വ്യക്തമാക്കി.