കിളിമാനൂരിൽ ഓണത്തിന് വിരിയും ചെണ്ടുമല്ലി വസന്തം

Wednesday 09 July 2025 1:03 AM IST

കിളിമാനൂർ: ഇക്കുറി ഓണത്തിന് കിളിമാനൂരുകാർക്ക് അത്തപ്പൂക്കളമൊരുക്കാൻ തോവാളയിലെ പൂക്കൾ വേണ്ട. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിൽ ചെണ്ടുമല്ലി വസന്തം വിരിയും. ഇതിനായി കൃഷിഭവനുകളുടെ നേതൃത്വത്തിൽ കർഷരും കർഷക കൂട്ടായ്മകളും കൃഷി ഓഫീസർമാരും പഞ്ചായത്ത് പ്രതിനിധികളും ഒരുങ്ങിക്കഴിഞ്ഞു.

നിറുത്താതെ പെയ്ത മഴ ആശങ്കയുളവാക്കിയെങ്കിലും നട്ട എല്ലാ ചെടികളും ഒരു കേടും കൂടാതെ വളരുന്ന സന്തോഷത്തിലാണ് കർഷകർ. ആഗസ്റ്റ് പകുതിയോടെ മൊട്ടിടുന്ന ഇവ സെപ്തംബറോടെ പൂക്കൾ കൊണ്ട് നിറഞ്ഞ് ഓണത്തിന് വിളവെടുക്കാം.