മന്ത്രിയുടെ വാക്കും കൺവീനറുടെ തിരുത്തും
മന്ത്രി സജി ചെറിയാന് പണ്ടു മുതലേ ഒരു കുഴപ്പമുണ്ട്. ഉള്ളത് മനസിൽ വച്ചേക്കില്ല. വെട്ടിത്തുറന്ന് പറയും. പാർട്ടിയുടെ തത്വശാസ്ത്രവും നിലപാടുകളുമൊക്കെ അദ്ദേഹം അന്നേരം മറന്നു പോകും. അല്ലെങ്കിൽ മാറ്റിവയ്ക്കും. മനസിൽ വന്നത് പറഞ്ഞില്ലെങ്കിൽ വല്ലാത്ത തലവേദനയാണ്. പറയാനുള്ളത് തട്ടിവിട്ടാൽ പിന്നെ കുഴപ്പമാകില്ലല്ലോ. എം.എൽ.എ ആയിരുന്ന സമയത്താണ് മഹാപ്രളയമുണ്ടായത്. തന്റെ മണ്ഡലമായ ചെങ്ങന്നൂരിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായപ്പോൾ ഓടി വായോ എല്ലാവരും മുങ്ങിച്ചാകുന്നേ, എന്നു നിലവിളിച്ചു. അന്ന് അങ്ങനെ കരഞ്ഞില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പറഞ്ഞത് സംഭവിച്ചേനെ. അതുകൊണ്ട് രക്ഷാപ്രവർത്തകർ കുതിച്ചെത്തി എല്ലാവരെയും കരയ്ക്കെത്തിച്ചു. ആ നിലവിളികളിലൂടെ സജി ചെറിയാന്റെ റേറ്റിംഗ് ഉയർന്നു. അടുത്ത തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻപത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു, മന്ത്രിയായി. അപ്പോഴാണ് ഭരണഘടനാ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വേണ്ടാ വേണ്ടാ എന്നു വിചാരിച്ചു മിണ്ടാതെ നടക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ പാർട്ടി പ്രവർത്തകനായ ഒരു സുഹൃത്ത് ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ നൂറാം വാർഷികം ആഘോഷിച്ചത് ആ സമയത്താണ്. ഉദ്ഘാടകൻ മന്ത്രി സജി ചെറിയാൻ. ഭരണഘടനാ വിവാദം മൂത്ത് നിൽക്കുന്ന കാലമായിരുന്നു. ഭരണഘടനയെ സംരക്ഷിക്കാനാണ് വിപ്ളവ പാർട്ടികൾ വാദിച്ചുകൊണ്ടിരിക്കുന്നത്. മല്ലപ്പള്ളിയിൽ സജി ചെറിയാൻ തന്റെ പ്രസംഗത്തിൽ കാച്ചിയത് ഇങ്ങനെയാണ്: 'ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷുകാരൻ പറഞ്ഞത് ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് എഴുപത്തഞ്ച് വർഷമായി കൊണ്ടുനടക്കുന്നു. ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണെന്ന് ഞാൻ പറയും. ഇതിന്റെ മുക്കിലും മൂലയിലും കുറച്ചു നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കൊടച്ചക്രം എന്നൊക്കെ എഴുതിവച്ചിരിക്കുന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതാണ് അതിന്റെ ഉദ്ദേശം.'
മന്ത്രി ഇങ്ങനെ പറഞ്ഞതിൽ ജനാധിപത്യം, മതേതരത്വം എന്നു പറയുന്നത് എല്ലാവരും കേട്ടിട്ടുള്ളതാണ്. കുന്തം വിപ്ളവപാർട്ടിയുടെ പഴയകാല സഖാക്കൾക്ക് പരിചയമുള്ള സാധനമാണ്. വയലാറിലെ വാരിക്കുന്തം പണ്ട് ബ്രിട്ടീഷുകാരെ നേരിട്ട ആയുധമാണ്. കൊടച്ചക്രം എന്താണെന്ന് മൂന്നു വർഷമായിട്ടും ആർക്കും മനസിലായിട്ടില്ല. സജി മന്ത്രി പറഞ്ഞ വാക്കുകൾ തീക്കാറ്റായി ആഞ്ഞടിച്ച് കേരളത്തെ വിറപ്പിച്ചതാണ്. പ്രക്ഷോഭങ്ങൾക്കൊടുവിൽ മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു. ഒടുവിൽ, തെളിവില്ലെന്നു റിപ്പോർട്ടുണ്ടാക്കി സർക്കാർ രക്ഷപെടുത്തി. വീണ്ടും മന്ത്രിയായി.
സർക്കാർ ആശുപത്രികൾ
കൊള്ളില്ല, കൊള്ളാം
വിവാദം ഒരു വിധത്തിൽ കെട്ടടങ്ങി സമാധാനത്തോടെ കഴിയുമ്പോഴാണ് കഴിഞ്ഞദിവസം വീണ്ടും മന്ത്രിയുടെ വാക്കുകൾ വാവിട്ടു പോയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഡോക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് രോഗിയായ മകൾക്കെപ്പം വന്ന അമ്മ മരിച്ചത്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്നും വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ തെരുവുകളിൽ നടക്കുന്നത്. ഇതിനിടെ, ആരോഗ്യമന്ത്രിയുടെ മന്ത്രിയുടെ മണ്ഡലത്തിൽ ഒരു പരിപാടിക്കെത്തിയ സജി ചെറിയാന്റെ വാക്കുകൾ സർക്കാരിനെ വീണ്ടും വെട്ടിലാക്കി. സർക്കാർ ആശുപത്രിയിൽ ചികിത്സിച്ചപ്പോൾ രോഗം ഭേദമാകാതെ മരിക്കാൻ കിടന്ന തന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന് സജി ചെറിയാൻ പറഞ്ഞു. ആ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു: സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല. എവിടെയാണോ നല്ല ചികിത്സ ലഭിക്കുന്നത് അവിടേക്ക് ആളുകൾ പോകും. 2019 ൽ ഡെങ്കിപ്പനി ബാധിച്ചപ്പോൾ താൻ ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സർക്കാർ ആശുപത്രിയിലാണ്. മരിക്കാൻ സാദ്ധ്യത വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് ശുപാർശ ചെയ്തു. അവിടെ ചെന്നപ്പോൾ ബോധമില്ലായിരുന്നു. അവിടത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു. അമൃത ആശുപത്രി മോശമാണോ. സർക്കാർ ആശുപത്രികളിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കും. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണ്.
മന്ത്രിയുടെ നിയന്ത്രണം വിട്ട വാക്കുകളെ തിരുത്താൻ രംഗത്തെത്തിയ ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ തന്നെ രക്ഷിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയാണെന്ന് പറഞ്ഞത് സജി ചെറിയാനുള്ള തിരുത്തും താക്കീതുമായി. മന്ത്രി പറഞ്ഞത്അദ്ദേഹത്തിന്റെ അനുഭവമായിരിക്കാമെന്നും രാമകൃഷ്ണൻ പറയുന്നു. കൺവീനർ മുഖം കറുപ്പിച്ചതോടെ
മന്ത്രി മയപ്പെട്ടു. രോഗ ബാധിതനായി ബോധമില്ലാതെ കിടന്നപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കുടുംബാംഗങ്ങളുടെ തീരുമാനമാണെന്ന് സജി ചെറിയാൻ സ്വയം പ്രതിരോധം തീർത്തിരിക്കുന്നു. സജി മന്ത്രി ഇങ്ങനെയാണ്. പാർട്ടിയോട് നൂറുശതമാനം കൂറ് പുലർത്തുന്നു. എന്നാൽ, ചില സത്യങ്ങൾ തുറന്നു പറയും. പാർട്ടിലൈനിൽ നടക്കുമ്പോഴും ഇടത്തും വലത്തും കാണുന്നത് കണ്ടില്ലെന്നു നടിക്കില്ല.