തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു; ബ്രിട്ടീഷ് യുദ്ധവിമാനം 14ന് മടങ്ങിയേക്കും

Wednesday 09 July 2025 6:39 AM IST

ക്രൂ ഉൾപ്പെടെ ഉടനെത്തും

ശംഖുംമുഖം: ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35ന്റെ ചിറകുകൾ മാറ്റി എയർലിഫറ്റ് നടത്താതെ തകരാർ പരിഹരിച്ച് തിരികെ പറപ്പിക്കാനുള്ള സാങ്കേതിക വിദഗ്ദ്ധരുടെ പരിശ്രമം തുടരുന്നു. ബ്രിട്ടണിൽ നിന്നെത്തിയ 14അംഗ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് ശ്രമം. ഈമാസം 14ന് തിരികെ പറക്കാമെന്നാണ് പ്രതീക്ഷ. ക്രൂ ഉൾപ്പെടയുള്ള സംഘം തിരുവനന്തപുരത്തെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

സാങ്കേതിക വിദഗദ്ധരുമായി ബ്രട്ടണിൽ നിന്നെത്തിയ ടർബോപ്രോപ്പ് എയർബസ് എ.400.എം അറ്റ്ലസ് വിമാനമാനം ക്രൂവുമായി മടങ്ങിയെത്തും. 8.സി.177 ഗ്ലോബ് മാസ്റ്റർ ചരക്ക് വിമാനമെത്തിച്ച് പോർവിമാനത്തിന്റെ ചിറകുകൾ ഇളക്കിമാറ്റി കൊണ്ടുപോകാനായിരുന്നു നേരത്തെയുള്ള തീരുമാനം.

തകരാറുകൾ പരിഹരിക്കുന്ന ശ്രമങ്ങൾ നടക്കുന്ന ഹാംഗർ യൂണിറ്റിൽ വിമാനത്തിന് ചുറ്റുമായി സി.ഐ.എസ്.എഫ് അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളതീരത്ത് നിന്നും 100നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന വിമാനവാഹിനി കപ്പലിൽ നിന്നും ജൂൺ 14ന് നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് തിരുവനന്തപുരം വിമാനത്തവളത്തിൽ ഇറക്കിയത്. ഇന്ധനം നിറച്ചശേഷം പറക്കാൻ ഒരുങ്ങിയപ്പോൾ വിമാനത്തിന്റെ ഹൈഡ്രോളിക്ക് സംവിധാനത്തിന് തകരാർ സംഭവിക്കുകയായിരുന്നു.