വീട് കുത്തിത്തുറന്ന് 85000 രൂപയും സ്വർണവും കവർന്നു

Wednesday 09 July 2025 1:42 AM IST

ശ്രീകാര്യം : എൻജിനിയറിംഗ് കോളേജിന് സമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. എൻജിനിയറിംഗ് കോളേജ് തലയിക്കോണം കളഭത്തിൽ മദനകുമാരൻനായരുടെ വീട്ടിലാണ് മോഷണം.ശനിയാഴ്ച പുലർച്ചെ നാലോടെ മദനകുമാരൻ നായരും കുടുംബവും ഗുരുവായൂരമ്പല ദർശനത്തിന് പോയിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെ തിരികെയെത്തി ഗേറ്റ് തുറന്ന് അകത്ത് കയറി മുൻവശത്തെ കതക് തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. വീടിനോട് ചേർന്നുള്ള മതിലിലൂടെ മോഷ്ടാക്കൾ മുകളിലത്തെ നിലയിൽ കയറി ആയുധമുപയോഗിച്ച് കതകും ഇരുമ്പ് ക്രോസ്ബാറും വളച്ച് കതക് തുറന്നാണ് വീടിനുള്ളിൽ കടന്നത്. തുടർന്ന് അലമാരയിൽ സൂക്ഷിരിച്ചുന്ന 85,000 രൂപയും അര പവൻ സ്വർണ്ണവും മോഷ്ടിച്ചു. താഴത്തെ നിലയിലെ ബെഡ്റൂമുകൾ ഉൾപ്പെടെ വെട്ടിപ്പൊളിച്ചിട്ടുണ്ട്. തൊട്ടടുത്ത് ഒന്നര വർഷമായി ആൾ താമസമില്ലാത്ത ഇവരുടെ ബന്ധു വസന്തകുമാരിയുടെ വീട് പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും കിട്ടിയില്ല. ഇവിടെ അലമാരയിലുള്ള തുണികൾ വാരിവലിച്ചിട്ടിട്ടുണ്ട്. ശ്രീകാര്യം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ വീടിന് സമീപത്തെ പുരയിടത്തിലൂടെ പോയി ഭഗത്‌സിംഗ് നഗർ വഴി സി.ഇ.ടി യ്ക്ക് സമീപം നിന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.