പാകിസ്ഥാനില്‍ പോയി ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ അസുഖം വര്‍ദ്ധിച്ചു; പ്രശസ്ത ഐസിസി അമ്പയര്‍ അന്തരിച്ചു

Tuesday 08 July 2025 7:44 PM IST

കാബൂള്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അമ്പയര്‍ ബിസ്മില്ല ജാന്‍ ഷിന്‍വാരി (41 ) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഷിന്‍വാരി 25 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും 21 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. 2017ല്‍ അയര്‍ലാന്‍ഡ് - അഫ്ഗാനിസ്ഥാന്‍ മത്സരമാണ് രാജ്യാന്തരതലത്തില്‍ ആദ്യമായി നിയന്ത്രിച്ചത്.

ഷിന്‍വാരി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി പാകിസ്ഥാനില്‍ പോയി ശസ്ത്രക്രിയക്ക് വിധേയനായിരുന്നെന്നും അതിനു ശേഷം അസുഖം വര്‍ദ്ധിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിലെ ക്രിക്കറ്റിന്റെ ഏറ്റവും വലിയ പ്രചാരകരിലൊരാളാണ് ബിസ്മില്ല ജാന്‍ ഷിന്‍വാരിയെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും ക്രിക്കറ്റ് ലോകത്തിനുമുണ്ടായ നഷ്ടത്തില്‍ അങ്ങേയറ്റം ദു:ഖം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഐസിസി ചെയര്‍മാന്‍ ജയ് ഷായും ഷിന്‍വാരിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണെന്നും ക്രിക്കറ്റ് സമൂഹം അദ്ദേഹത്തിന്റെ അഭാവം അനുഭവിച്ചറിയുമെന്നും അനുശോചനക്കുറിപ്പില്‍ ജയ് ഷാ പറഞ്ഞു.