ലിഫ്റ്റിൽ കുടുങ്ങി വ്യാപാരിയുടെ മരണം: സൂക്ഷ്മ പരിശോധന  തുടങ്ങി

Wednesday 09 July 2025 11:42 PM IST

കട്ടപ്പന : സ്വർണ വ്യാപാര ശാലയുടെ ലിഫ്ടിൽ കുടുങ്ങി ഉടമ മരിച്ച സംഭവത്തിൽ ലിഫ്ടും അനുബന്ധ സംവിധാനങ്ങളും അഴിച്ച് സൂക്ഷ്മ പരിശോധന നടത്തുന്ന നടപടികൾ ആരംഭിച്ചു.ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ലിഫ്റ്റ് സ്ഥാപിച്ച കമ്പനി അധികൃതർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത് ഇതിനുശേഷം മാത്രമേ അപകടത്തിന് ഇടയാക്കിയ വ്യക്തമായ സാഹചര്യം കണ്ടെത്താൻ സാധിക്കൂ.മേയ് 28 നാണ് കട്ടപ്പന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസ് സ്ഥാപനത്തിനുള്ളിൽ ഉണ്ടായ ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. സണ്ണി ഫ്രാൻസിസ് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ രണ്ടാം നിലക്കും ഗ്രൗണ്ട് ഫ്‌ളോറിനും ഇടക്കു വച്ച് ലിഫ്റ്റ് നിശ്ചലമാകുകയായിരുന്നു. തുടർന്ന് സണ്ണി കടയിലെ ജീവനക്കാരെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ജീവനക്കാരൻ കമ്പനി ടെക്നീഷ്യനെ വീഡിയോ കോൾ വിളിച്ചപ്പോൾ ലഭിച്ച നിർദേശമനുസരിച്ച് കൺട്രോൾ പാനലിലെ സ്വിച്ചുകളുപയോഗിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾലിഫ്റ്റ് അതിവേഗം മുകളിലേക്ക് കുതിച്ചു. കെട്ടിടം ഉൾപ്പെടെ കുലുങ്ങുന്ന രീതിയിൽ ലിഫ്റ്റ് നാലാം നിലയുടെ മുകളിൽ ഇടിച്ച് നിൽക്കുകയായിരുന്നു .ഫയർ ഫോഴ്സിന്റെ സഹായത്തോടെ ലിഫ്ടിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.തലക്കും സുഷുമ്നാ നാഡിക്കും ഏറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്.ഇതിനുശേഷം തൊട്ടടുത്ത ദിവസം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയിൽ നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണെന്ന് കണ്ടെത്തി. ലിഫ്റ്റ് നിർമ്മിച്ച കമ്പനി പ്രതിനിധികളെയും ടെകീഷ്യൻമാരെയും വിളിച്ചു വരുത്തിയാണ് പരിശോധന അന്ന് നടത്തിയത്.ഇതിനുശേഷമാണ് വ്യക്തമായ കാരണം കണ്ടെത്താൻ വീണ്ടുംഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിനു പുറമെ ലിഫ്റ്റ് കമ്പനിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥാപനത്തിലെത്തി പരിശോധന ആരംഭിച്ചത്.രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനകളാണ് നടക്കുന്നത്.ഈ പരിശോധനയിൽ ലിഫ്റ്റ് പൂർണമായും അഴിച്ച് പരിശോധിക്കും.