വിമാനത്തിന്റെ യാത്ര മുടക്കി തേനീച്ചക്കൂട്ടം

Wednesday 09 July 2025 7:53 AM IST

സൂറത്ത്: സൂറത്ത് വിമാനത്താവളത്തിൽ തേനീച്ചക്കൂട്ടം പ്രവർത്തനം തടസപ്പെടുത്തിയതിനെ തുടർന്ന് ജയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം ഒരു മണിക്കൂറോളം വൈകി. തിങ്കളാഴ്‌ച വൈകിട്ട് 4.20നായിരുന്നു സംഭവം. ഇൻഡിഗോയുടെ 6E-784 എയർബസ് എ320 വിമാനം പറക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഒരു കൂട്ടം തേനീച്ചകൾ ലഗേജ് വാതിലിൽ വന്ന് ഇരുന്നത്. യാത്രക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞിതിന് ശേഷമായിരുന്നു സംഭവം.

ഇതേടെ ആദ്യം ഒന്നമ്പരന്ന ജീവനക്കാർ പുക ഉപയോഗിച്ച് തേനീച്ചകളെ തുരത്താൻ ശ്രമിച്ചു. എന്നാൽ, ഈ ശ്രമം പരാജയപ്പെട്ടതോടെ ജീവനക്കാർ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന എത്തി ഉയർന്ന മർദ്ദമുള്ള വാട്ടർ ജെറ്റുകൾ ഉപയോഗിച്ച്, ഒരു മണിക്കൂർ ശ്രമിച്ചാണ് തേനീച്ച കൂട്ടത്തെ ഓടിച്ചത്. പ്രശ്നം പരിഹരിച്ച ശേഷം വൈകിട്ട് 5.26നാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്.