പദ്മനാഭസ്വാമി ക്ഷേത്രത്തിൽ രഹസ്യക്യാമറ, ഗുജറാത്ത് സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും

Wednesday 09 July 2025 2:55 AM IST

തിരുവനന്തപുരം: രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെത്തിയ, ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായോട് ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും ഹാജരാകാൻ പൊലീസ് നിർദ്ദേശം. വീണ്ടും ചോദ്യം ചെയ്യാനാണിത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത കണ്ണടയും മൊബൈലും പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് കൈമാറി.

കണ്ണടയിലെ മെമ്മറി കാർഡിലും ബ്ലൂടൂത്ത് വഴി മൊബൈൽ ഫോണിലും ക്ഷേത്രത്തിലുള്ളിലെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇലകട്രോണിക് സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള, ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ വരെ ഇയാൾ രഹസ്യ ക്യാമറയുമായെത്തി.കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ട ക്ഷേത്ര ജീവനക്കാരനാണ് പൊലീസിന്റെ സഹാത്തോടെ ഇയാളെ പിടികൂടിയത്.ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ വച്ചായിരുന്നു സംഭവം.ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയതാണെന്നും കൗതുകം കൊണ്ടുമാത്രം ദൃശ്യങ്ങൾ റെക്കാഡ് ചെയ്തതെന്നുമാണ് ഇയാൾ പറഞ്ഞത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച സുരേന്ദ്ര ഷാ ഗുജറാത്തിലേക്ക് മടങ്ങിപ്പോയിരുന്നു.