ചുഴലിക്കാറ്റില്‍ ട്രസ് തകർന്നു

Wednesday 09 July 2025 12:00 AM IST

കോടാലി: ചുഴലിക്കാറ്റിൽ കടമ്പോട് വീടിന്റെ ട്രസ് തകർന്നു. ഗൃഹനാഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11ഓടെ ആണ് ചുഴലിക്കാറ്റ് ഉണ്ടായത്. കടമ്പോട് ആനന്ദ കലാസമിതി വായനശാലയ്ക്കു സമീപമുള്ള നിരപ്പേൽ പുത്തൻപുരയ്ക്കൽ പീയൂസ് സിറിയക്കിന്റെ വീടിനാണ് നാശമുണ്ടായത്. ഭീകര ശബ്ദത്തോടെ ആഞ്ഞുവീശിയ കാറ്റിൽ 2500ഓളം സ്‌ക്വയർ ഫീറ്റ് വിസ്തൃതി വരുന്ന ട്രസ് തൂണുകൾ മറിഞ്ഞ് വീടിന് പിറകുവശത്തേക്ക് ചെരിഞ്ഞു വീഴുകയായിരുന്നു. ഈ സമയം വീടിന് തൊട്ടടുത്തുനിന്ന് ജാതിക്ക പെറുക്കുകയായിരുന്ന ഗൃഹനാഥൻ പിയൂസ് ഓടിരക്ഷപ്പെടുകയായിരുന്നു. കാറ്റിൽ വീടിന് ഭാഗികമായി കേടുപറ്റി. വീടിന് സമീപത്തുള്ള ജാതിമരം ട്രസ് വീണ് കടപ്പുഴകി. നാലുലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി പീയൂസ് സിറിയക് പറഞ്ഞു.