ബംഗളൂരുവിലെ 40 കോടിയുടെ ചിട്ടിതട്ടിപ്പ്: ദമ്പതികൾ രാജ്യം വിട്ടെന്ന് സംശയം

Wednesday 09 July 2025 12:30 AM IST

ആലപ്പുഴ: ഇടപാടുകാരിൽ നിന്ന് കോടികൾ വെട്ടിച്ച ശേഷം ബംഗളൂരുവിലെ ചിട്ടിക്കമ്പനി പൂട്ടിക്കെട്ടി ആലപ്പുഴയിലേക്കെന്ന വ്യാജേന മുങ്ങിയ ടോമിയെയും ഭാര്യ ഷൈനിയും

കുറിച്ച് പൊലീസിന് വിവരമില്ല

ബംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസെന്ന സ്ഥാപനം നടത്തിവന്ന രാമങ്കരി ക്നാനായ പള്ളിക്ക് സമീപം ചേത്തില വീട്ടിൽ ടോമിയ്ക്കും ഭാര്യയ്ക്കുമായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം രാമങ്കരി പൊലീസ് നടത്തിയ അന്വേഷണത്തിൽ സൂചനകളൊന്നുമില്ല.ഇതോടെ, വിദേശത്തേക്ക്

കടന്നതാവാമെന്ന സംശയം ബലപ്പെട്ടു. ബന്ധുവിന് സുഖമില്ലാത്തതിനാൽ ആലപ്പുഴയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ടോമിയും ഭാര്യയും കടന്നു കളഞ്ഞത്. ഫോണിൽ കിട്ടാതെ വന്നതോടെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്.

രാമമൂർത്തി നഗറിലെ ഫ്ലാറ്റും വാഹനങ്ങളും വിറ്റ് വിദേശത്തുള്ള മക്കളുടെ അടുത്തേക്കോ മറ്റേതെങ്കിലും സുരക്ഷിത താവളങ്ങളിലേക്കോ മുങ്ങിയിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം,​ ഇവരുടെ രാമങ്കരിയിലെ കുടുംബ വീടുൾപ്പെടെ പൂട്ടിയ നിലയിലാണ്. ഏക സഹോദരൻ ജില്ലയ്ക്ക് പുറത്താണ് താമസം. അയൽക്കാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഇവരെപ്പറ്റി യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ടോമിയും കുടുംബവും 25 വർഷമായി രാമമൂർത്തി നഗറിലാണ് താമസം. കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടനാടുമായി വലിയ ബന്ധം പുലർത്താൻ കൂട്ടാക്കാതിരുന്ന ടോമി കോട്ടയത്തെ ഭാര്യ വീടുമായും അവരുടെ ബന്ധുക്കളുമായും സഹകരിച്ചാണ് കഴിഞ്ഞുവരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കോട്ടയം, ചങ്ങനാശേരി മേഖലയിൽ ഇവരുമായി ചങ്ങാത്തമുള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്.

അഞ്ച് ലക്ഷം വരെയുള്ള ചിട്ടി നടത്തിയായിരുന്നു എ ആൻഡ് എയുടെ തുടക്കം. പിന്നീട് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിച്ചു തുടങ്ങി. ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പി.ടി.സാവിയോ എന്നയാൾ പരാതി നൽകിയതിനെ തുടർന്ന് തട്ടിപ്പിനിരയായ 265 പേരാണ് പൊലീസിനെ സമീപിച്ചത്. 40 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായെന്നാണ് രാമമൂർത്തി നഗർ പൊലീസ് കണക്കാക്കുന്നത്.