ഹേമചന്ദ്രന്റെ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബംഗളൂരുവിൽ പിടിയിലായി
കോഴിക്കോട്: വയനാട്,സുൽത്താൻ ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സുൽത്താൻബത്തേരി സ്വദേശി നൗഷാദ് ബംഗളൂരു എയർപോർട്ടിൽ പിടിയിലായി.
സൗദിയിൽ നിന്ന് ഇന്നലെ ഉച്ചയോടെ ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് എ.സി.പി എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രണ്ടര മാസം മുമ്പ് താത്കാലിക വിസയിൽ വിദേശത്തേക്കു പോയ നൗഷാദിന്റെ വിസ കാലാവധി ഇന്നലെ അവസാനിക്കുമെന്ന് കണ്ടെത്തിയ പൊലീസ്, കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
നേരത്തേ കേസ് അന്വേഷിച്ചിരുന്ന മെഡി.കോളേജ് സി.ഐ ജിജീഷ് സ്ഥലം മാറിപ്പോയതിനെ തുടർന്ന് സി.ഐ കെ.കെ.ആഗേഷിനാണ് തുടരന്വേഷണച്ചുമതല. കേസിൽ നിലവിൽ മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. നൗഷാദിനെ ചോദ്യം ചെയ്‌താലേ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.
2024 മാർച്ച് 20നാണ് സാമ്പത്തിക തർക്കത്തെ തുടർന്ന് നൗഷാദും സുഹൃത്തുക്കളും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടത്. നൗഷാദാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്.