വോട്ടർപട്ടിക പുതുക്കുമ്പോൾ നിലവിൽ വോട്ടുചെയ്യുന്നവർക്ക് അവകാശം നഷ്‌ടമാകുമോ? തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതിങ്ങനെ

Tuesday 08 July 2025 11:58 PM IST

ന്യൂഡൽഹി: അർഹതയുള്ള ഒരാളുടെയും വോട്ടവകാശം നിഷേധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബീഹാറിലെ വോട്ടർപട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി 'ഇന്ത്യ' സഖ്യത്തിലെ പാർട്ടികൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കമ്മിഷന്റെ വിശദീകരണം.

ബീഹാറിലെ തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ആദ്യഘട്ടം പൂർത്തിയായി. ആഗസ്റ്റ് ഒന്നിന് കരട് പട്ടിക പുറത്തിറക്കും. മരിച്ചവരെയും, സംസ്ഥാനത്തിന് പുറത്തേക്ക് താമസം മാറിയവരെയുമാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി. വോട്ടർപട്ടികയിലിടം കിട്ടാൻ ജനന സർട്ടിഫിക്കറ്റ്, പൗരത്വ രേഖകൾ തുടങ്ങിയവ ചോദിക്കുന്നതിനെയും, ആധാർ റേഷൻ കാർഡ് തുടങ്ങിയ രേഖകൾ സ്വീകരിക്കാത്തതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

അതേസമയം, രാജ്യത്താകമാനം ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് തീവ്ര വോട്ടർപട്ടിക പുതുക്കൽ നടത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാദ്ധ്യായ സുപ്രീംകോടതിയിൽ ഹർജി നൽകി. അനധികൃത കുടിയേറ്റം തടയാൻ അതാവശ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.