ടേക്ക് ഓഫിനിടെ റൺവേയിലേക്ക് ഓടിയെത്തി; വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് മരിച്ചു

Wednesday 09 July 2025 8:11 AM IST

റോം: വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഇറ്റലിയിലെ മിലാൻ ബെർഗാമോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സ്‌പെയിനിലെ അസ്റ്റൂറിയാസിലേക്ക് പോകുകയായിരുന്ന എ319 വോളോട്ടിയ വിമാനം പറന്നുയരുന്നതിനിടെ റൺവേയിലേക്ക് ഓടിയെത്തിയ 35കാരനാണ് മരിച്ചത്. ഇയാൾ ഗ്രൗണ്ട് സ്റ്റാഫാണെന്നാണ് വിവരം. എൻജിനിൽ കുടുങ്ങിയ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം വിമാനഗതാഗതം തടസപ്പെട്ടതായി മിലാൻ ബെർഗാമോ വിമാനത്താവള അധികൃതർ അറിയിച്ചു. ആറ് ജീവനക്കാർ രണ്ട് പെെലറ്റ്, നാല് ക്യാബിൻ ക്രൂ എന്നിവരുൾപ്പടെ ആകെ 154 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. രാവിലെ 10.20നാണ് അപകടം നടന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും എട്ട് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും വിമാന സർവീസുകൾ പുനരാരംഭിച്ചതെന്നാണ് റിപ്പോർട്ട്.