ടെക്‌സസിലെ മിന്നൽ പ്രളയം; മരണം 109 ആയി, 160  പേർക്കായി തെരച്ചിൽ പുരോഗമിക്കുന്നു

Wednesday 09 July 2025 8:27 AM IST

വാഷിംഗ്ടൺ: യുഎസിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 109 ആയി. 160 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. ഇനിയും മരണസംഖ്യ ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

സെൻട്രൽ ടെക്‌സസിലെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കനത്ത മഴയെ തുടർന്ന് പ്രദേശമാകെ ചെളി നിറഞ്ഞിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. കെർ കൗണ്ടിയിൽ ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല. പ്രളയ ബാധിത മേഖല യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച സന്ദർശിക്കും. അതേസമയം, കനത്ത മഴയും വെള്ളപ്പൊക്കവും ഇനിയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.

ശക്തമായ മഴയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് മദ്ധ്യ ടെക്സസിൽ പ്രളയമുണ്ടായത്. സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. ഇതുവരെ 850ൽ അധികം പേരെ രക്ഷപ്പെടുത്തി. ശക്തമായ മഴയ്ക്ക് പിന്നാലെ ഗ്വാഡലപ് നദി അപ്രതീക്ഷിതമായി കരകവിഞ്ഞതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ആയിരത്തിലധികം പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. മിന്നൽ പ്രളയത്തെത്തുടർന്ന് നിരവധി വീടുകളും മരങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.