അമ്മായിയുമായി വഴിവിട്ട ബന്ധമെന്ന് സംശയം, യുവാവിനെ തല്ലിച്ചതച്ചശേഷം കല്യാണം കഴിപ്പിച്ചു

Wednesday 09 July 2025 12:46 PM IST

ബീഹാർ: അമ്മായിയുമായി വഴിവിട്ടബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചശേഷം അമ്മായിയെ വിവാഹം കഴിപ്പിച്ചു. ബീഹാറിലെ സുപോൾ ജില്ലയിലാണ് സംഭവം നടന്നത്. മിതലേഷ് കുമാർ മുഖിയ എന്ന യുവാവിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. മിതലേഷിനെ വടികൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അമ്മായിയുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് മിതലേഷിനെ തട്ടിക്കൊണ്ടുപോയതും മർദ്ദിച്ചവശനാക്കി വിവാഹം കഴിപ്പിച്ചതും.

അമ്മായി റിതയും മിതിലേഷും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടെന്നായിരുന്നു റിതയുടെ ഭർത്താവ് ശിവചന്ദ്രയുടെ ആരോപണം. ഭർത്താവായ തന്നെയും നാലുവസുള്ള മകളെയും മറന്നുകൊണ്ട് ഇത്തരത്തിലുളള ഒരു ബന്ധം വച്ചുപുലർത്തിയ റിതയെ ഇനിഒരിക്കലും ഭാര്യയായി കാണാനാവില്ലെന്നായിരുന്നു ശിവചന്ദ്ര പറയുന്നത്. ശിവചന്ദ്ര ബന്ധുക്കൾക്കൊപ്പം ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. മർദ്ദിച്ച് അവശനാക്കിയശേഷം മിതിലേഷിനടുത്തേക്ക് റിതയെ എത്തിച്ച് നിർബന്ധപൂർവം സിന്ദൂരം ചാർത്തിച്ചു. ഇതോടെ വിവാഹം കഴിഞ്ഞെന്ന് മർദ്ദനത്തിന് നേതൃത്വം നൽകിയവർ പ്രഖ്യാപിക്കുകയായിരുന്നു. നാട്ടുകാരാണ് വിഷയം പൊലീസിനെ അറിയിച്ചത്.

മിതിലേഷിന്റെ പിതാവ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ ശരീരമാസകലം പരിക്കേറ്റ മിതിലേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ പലതും മാരകമാണെന്നും റിതയുമായി അതിരുവിട്ട ബന്ധം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉൾപ്പെടയുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.