ഗുജറാത്തിൽ പാലം തകർന്ന് പുഴയിലേക്ക് വീണുള്ള അപകടത്തിൽ മരണം ഒൻപതായി, പൊളിഞ്ഞ പാലത്തിന് പഴക്കം നാല് പതിറ്റാണ്ട് മാത്രം

Wednesday 09 July 2025 2:51 PM IST

അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്ന് പുഴയിലേക്ക് വീണുണ്ടായ വലിയ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. അഞ്ച് വാഹനങ്ങളും പുഴയിലേക്ക് വീണ് തകർന്നു. വഡോദര ജില്ലയിലെ പദ്ര പാലമാണ് ഏറെ തിരക്കേറിയ രാവിലത്തെ സമയം തകർന്നുവീണത്. ഒരു ടാങ്കർ ലോറി തകർന്ന പാലത്തിൽ നിന്നും പുഴയിലേക്ക് വീഴാനോങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായി.

ഒൻപതുപേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയെന്നും പത്തോളം പേരെ രക്ഷപ്പെടുത്തിയെന്നും വഡോദര റൂറൽ പൊലീസ് സൂപ്രണ്ട് രോഹൻ ആനന്ദ് വ്യക്തമാക്കി. മരണസംഖ്യ ഇനിയും വർദ്ധിക്കുമോ എന്ന ആശങ്കയും ഉണ്ട്. വഡോദര ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ, സ്ഥലവാസികൾ എന്നിവർ അപകടമുണ്ടായ ഉടൻ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാനായി.

പുഴയിൽ മുങ്ങിപ്പോയ വാഹനങ്ങൾ ഉയർത്തിയെടുക്കാൻ സ്ഥലത്ത് വലിയ ക്രെയിനുകൾ കൊണ്ടുവന്നിട്ടുണ്ട്. പാലത്തിന്റെ മോശം അവസ്ഥയും അറ്റകുറ്റപ്പണി ചെയ്യാത്തതുമാകാം അപകടത്തിനിടയാക്കിയതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഒരു വിദഗ്ദ്ധ സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും ചെയ്‌തു. നിർദ്ദേശം വ്യക്തമാക്കി അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

'ഗംഭീര പാലത്തിന്റെ 23 സ്‌പാനുകളിൽ ഒന്ന് തകർന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ പരിക്കേറ്റവർക്ക് ഉടൻ ചികിത്സ നൽകാൻ വഡോദര കളക്‌ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.' ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ സംസ്ഥാനത്ത്‌ പാലം തകർന്ന് ജീവഹാനിയുണ്ടാകുന്ന രണ്ടാമത് സംഭവമാണിത്. 2022ൽ മോർബിയിൽ ഒരു പാലം തകർന്ന് 135 പേരാണ് മരിച്ചത്. ഇന്ന് തകർന്ന പാലം 1985ൽ അനന്ദ്, വഡോദര ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കാനായി നിർമ്മിച്ചതാണ്.