സംശയം തോന്നി ആശുപത്രിയിലെത്തിച്ച് പരിശോധന; ഗർഭനിരോധന  ഉറകളിൽ എംഡിഎംഎ, മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം

Wednesday 09 July 2025 3:20 PM IST

കൊല്ലം: മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം ചകിരിക്കട സ്വദേശി അജ്‌മൽ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് ഇയാൾ മയക്കുമരുന്ന് മലദ്വാരത്തിൽ ഒളിപ്പിച്ചത്. 107 ഗ്രാം എംഡിഎംഎ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

അജ്‌മൽ ഷാ ഏറെനാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് സ്‌കാനിംഗ് നടത്തിയപ്പോഴാണ് രണ്ട് ഗർഭനിരോധന ഉറകളിലായി എംഡിഎംഎ കണ്ടെത്തിയത്.

അതേസമയം, കേരള പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1858 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 68 പേർ അറസ്റ്റിലായി. എംഡിഎംഎ (0.00095 കിലോഗ്രാം), കഞ്ചാവ് (6.07525 കിലോഗ്രാം), കഞ്ചാവ് ബീഡി (55 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടുന്നതിനായാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് ആരംഭിച്ചത്.