യുറേനിയം മുതൽ വജ്രങ്ങൾ വരെ ഇന്ത്യയിലേക്ക് ഒഴുകും; മോദി നമീബിയയിൽ കാലുകുത്തിയതിന് പിന്നിൽ വലിയ ലക്ഷ്യങ്ങൾ
ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ശേഷം ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഞ്ച് രാഷ്‌ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായി നമീബിയയിൽ എത്തിയത്. ഈ രാജ്യത്തേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ഇന്ത്യയിൽ നിന്ന് മൂന്നാം തവണയാണ് ഒരു നേതാവ് നമീബിയയിലേക്ക് പോകുന്നത്. പ്രസിഡന്റ് നന്ദി - നന്ദൈത്വയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി നമീബിയ സന്ദർശിക്കുന്നതെന്ന് നേരത്തേ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഘാന, ട്രിനിഡാഡ് ആന്റ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ അഞ്ച് രാജ്യങ്ങളിലാണ് മോദി അഞ്ച് രാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി എത്തിയത്. സന്ദർശന വേളയിൽ നന്ദി - നന്ദൈത്വയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. നമീബിയയുടെ രാഷ്‌ട്ര പിതാവും ആദ്യ പ്രസിഡന്റുമായിരുന്ന ഡോ. സാം നുജോമയുടെ ശവകുടീരത്തിൽ ആദരമർപ്പിക്കും. ശേഷം നമീബിയ പാർലമെന്റിൽ മോദി പ്രസംഗിക്കുമെന്നാണ് വിവരം. എന്നാൽ, പ്രധാനമന്ത്രി എന്തുകൊണ്ട് നമീബിയ സന്ദർശിച്ചു? ഈ ആഫ്രിക്കൻ രാജ്യത്തെക്കൊണ്ട് ഇന്ത്യയ്‌ക്ക് എന്താണ് പ്രയോജനം? ഇവ പരിശോധിക്കാം.
ചരിത്രപരമായ ബന്ധം
ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന നമീബിയ വലുതും ജനസാന്ദ്രത കുറഞ്ഞതുമായ ഒരു രാജ്യമാണ്. ദക്ഷിണാഫ്രിക്കയുടെ ഭരണത്തിനെതിരായ നീണ്ട പോരാട്ടത്തിന് ശേഷം 1990ലാണ് നമീബിയ സ്വാതന്ത്ര്യം നേടിയത്. വരണ്ട പ്രദേശമാണെങ്കിലും ഇവിടം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ്. മനോഹരമായ ഭൂപ്രകൃതിയും കാർഷിക ഉൽപ്പന്നങ്ങളും ധാതുക്കളും ഇവയിൽ ഉൾപ്പെടുന്നു. ഇവയെല്ലാം നമീബിയയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപമാണ് കൊണ്ടുവരുന്നത്.
1940കളുടെ അവസാനം വരെ നമീബിയയുമായി ഇന്ത്യയ്‌ക്ക് ചരിത്രപരമായ ബന്ധമുണ്ട്. 1946ൽ ഐക്യരാഷ്ട്രസഭയിൽ, നമീബിയൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മാത്രമല്ല, നമീബിയയുടെ വിമോചന സമരത്തിന് നേതൃത്വം നൽകിയ ആദ്യത്തെ എംബസി 1986ൽ ന്യൂഡൽഹിയിലാണ് സ്ഥാപിതമായത്. നമീബിയയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഇത് അടച്ചുപൂട്ടി. സ്വാതന്ത്ര്യം ലഭിച്ചതോടെ രാജ്യവുമായുള്ള നയതന്ത്ര ബന്ധവും സ്ഥാപിക്കപ്പെട്ടു. ശേഷം 1994ൽ നമീബിയ, ഡൽഹിയിൽ ഒരു പൂർണ റസിഡന്റ് മിഷൻ തുറന്നു. 1998ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് നമീബിയ സന്ദർശിച്ചു. പിന്നീട് 2016ൽ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി നമീബിയ സന്ദർശിച്ചു.
മോദിയുടെ സന്ദർശനത്തിന് പിന്നിൽ
രാജ്യത്തെ സമ്പന്നമായ ധാതുക്കളാണ് മോദിയുടെ പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉൽപ്പാദകരും ലിഥിയം, സിങ്ക്, അപൂർവ ലോഹങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ഉൽപ്പാദകരും ഇവരാണ്. അതേസമയം, ഇന്ത്യയുടെ ഊർജ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ആണവ റിയാക്‌ടറുകൾക്ക് ഇന്ധനം നൽകുന്നതിനായി 2033 വരെ യുറേനിയം ഇറക്കുമതി വർദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. അതിനാൽ, നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം ഇറക്കുമതി നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോദിയുടെ സന്ദർശനം.
നമീബിയയിൽ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രാഹുൽ ശ്രീവാസ്‌തവ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പുറമേ വജ്ര ഖനികളോടും ഇന്ത്യയ്‌ക്ക് താൽപ്പര്യമുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ സമുദ്ര വജ്ര നിക്ഷേപം നമീബിയയിലുണ്ട്. നിലവിൽ നമീബിയയിൽ നിന്ന് നേരിട്ടല്ല വജ്രങ്ങൾ എത്തുന്നത്. ലണ്ടൻ പോലുള്ള സ്ഥലങ്ങൾ വഴിയാണ് നമീബിയയിലെ വജ്രങ്ങൾ ഇന്ത്യയിലെത്തുന്നത്. ഇത് നേരിട്ടുള്ള വ്യാപാരമാക്കി മാറ്റുന്നതിനും മോദി ശ്രമം നടത്തും.
മറ്റ് മേഖലകൾ
വ്യാപാരത്തിലും ഊർജത്തിനും അപ്പുറം ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ പരിശീലനം, വിദ്യാഭ്യാസം, പ്രതിരോധം എന്നീ മേഖലകളിലും ഇന്ത്യ പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവയ്‌ക്കുമെന്നാണ് പ്രതീക്ഷ. നമീബിയയുടെ തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ ഒരു പുതിയ ഐടി സെന്റർ സ്ഥാപിക്കും. നമീബിയയിലെ യുവാക്കൾക്കും സിവിൽ സർവീസുകാർക്കും ഡിജിറ്റൽ ഗവർണൻസിലും സൈബർ സുരക്ഷയിലും പരിശീലനം നൽകുന്നതിനായാണിത്. ഇവർക്ക് വേണ്ട പരിശീലനവും നൽകും.