പൊലീസ് ക്വാർട്ടേഴ്‌സിലെ  13കാരിയുടെ  മരണം; ലൈംഗിക പീഡനത്തിന് തെളിവില്ല, ദുരൂഹതയില്ലെന്ന് സിബിഐ

Wednesday 09 July 2025 3:58 PM IST

തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്‌സിലെ പതിമൂന്നുകാരിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോർട്ടം ചെയ്ത ഡോക്‌ടർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തെളിവില്ലെന്നാണ് സിബിഐ പറയുന്നത്. ഇക്കാര്യങ്ങളടങ്ങിയ റിപ്പോർട്ട് സിബിഐ തിരുവനന്തപുരം പോക്‌സോ കോടതിയിൽ സമർപ്പിച്ചു.

കുട്ടിയുടെ മരണകാരണം തലയിലെ രക്തസ്രാവമാണെന്നും സ്വകാര്യഭാഗങ്ങളിലുണ്ടായ മാറ്റങ്ങൾ സ്വാഭാവികമാണെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടുവെന്നും സിബിഐ വ്യക്തമാക്കുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. പതിമൂന്നുകാരി കുട്ടിക്കാലത്ത് നിലത്തുവീണ് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സിബിഐയുടെ റിപ്പോർട്ടിലുണ്ട്.

2023 മാർച്ച് 29നാണ് പാളയം പൊലീസ് ക്വാർട്ടേഴ്‌സിലെ മുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. കേസിന്റെ ഭാഗമായി ഒൻപതുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.