2024 ജൂണിൽ നടന്ന ആ സംഭവം എന്നെ ഡിപ്രഷനിലേക്ക് തള്ളിയിട്ടു : സുരേഷ് ഗോപി

Wednesday 09 July 2025 7:36 PM IST

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ജെ.എസ്.കെ റിലീസിനൊരുങ്ങുകയാണ്. വിവാദങ്ങൾക്കൊടുവിൽ പേരുമാറ്റിയാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ സിനിമ എന്ന പാഷൻ തനിക്ക് ഒഴിവാക്കേണ്ടി വന്നപ്പോൾ ഡിപ്രഷനിലേക്ക് പോകേണ്ട അവസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി,​ ഒരു യു ട്യൂബ് ചാനലിനോടായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

എന്റെയുള്ളിൽ ഞാൻ ഡിപ്രഷനിലേക്ക് പോകുന്ന തരത്തിലുള്ള അവസ്ഥയുണ്ടായി. പാഷൻ എനിക്ക് സപ്രസ് ചെയ്യേണ്ടി വന്നു. സിനിമയുള്ള സമയമെല്ലാം ഞാൻ ഉണർന്നിരുന്നത് സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ഇടാനായിരുന്നു. 2024 ജൂൺ 10 മുതൽ മേക്കപ്പ് ഇടാനേയല്ല ഞാൻ ഉണരുന്നത് എന്ന കാര്യം വന്നത് എന്നെ ഡിപ്രഷനിലേക്ക് തള്ളിയിട്ടു. സിനിമ എന്നതിൽ ചില കർശന നിബന്ധനകളൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടാമത്തെ നേതാവ് ചില ഇളവുകളൊക്കെ തന്നു. ഇപ്പോൾ എനിക്ക് സിനിമയിൽ അഭിനയിക്കാം. മറ്റൊരു ജോലിയോടൊപ്പം എന്റെ പാഷനും കൊണ്ടു പോകുന്ന തരത്തിൽ ഞാൻ സന്തോഷവാനാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ വർഷം കേന്ദ്രമന്ത്രിയായ ശേഷം സിനിമയിൽ അഭിനയിക്കുന്നതിന് സുരേഷ് ഗോപിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. മന്ത്രിസ്ഥാനവും അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്ന തരത്തിലും പ്രചാരണം നടന്നു. എന്നാൽ പിന്നീട് കേന്ദ്രമന്ത്രി അമിത് ഷാ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അനുമതി നൽകിയിരുന്നു. തുടർന്നാണ് സുരേഷ് ഗോപി വീണ്ടും സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. ജെ,​എസ്.കെയ്ക്ക് പിന്നാലെ ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ്ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്.