പണി 'മുടക്കി' : തടയൽ, മർദ്ദനം

Thursday 10 July 2025 1:40 AM IST

കോട്ടയം : വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ജില്ലയിൽ ഹർത്താലിന് സമാനമായി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി നാമമാത്ര സർവീസ് നടത്തി. ഓട്ടോ - ടാക്സി വാഹനങ്ങൾ സർവീസ് നടത്തിയില്ല. ഭൂരിഭാഗം കടകളും അട‌ഞ്ഞു കിടന്നു. ചങ്ങനാശേരിയിൽ പോസ്റ്റുമാനെ സമരക്കാർ ആക്രമിച്ചു. കോട്ടയം നഗരത്തിലടക്കം വിവിധയിടങ്ങളിൽ സമരക്കാർ രാവിലെ വാഹനങ്ങൾ തടഞ്ഞു. തുടർച്ചയായി രണ്ട് ദിവസം സ്വകാര്യ ബസുകൾ ഓടാതിരുന്നത് ഗ്രാമീണ മേഖലയിലുള്ളവരെ വലച്ചു. ഗ്രാമപ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം കടകൾ തുറന്നു. കളക്ടറേറ്റ് അടക്കമുള്ള ജില്ലയിലെ 90 ശതമാനം സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു. കളക്ടറേറ്റിൽ 90 ശതമാനം ജീവനക്കാരും ജോലിയ്ക്ക് എത്തിയില്ല. ചില ഓഫീസുകളിൽ ചുരുക്കം ജീവനക്കാർ എത്തിയെങ്കിലും ഉച്ചയോടെ മടങ്ങി. സ്കൂളുകളെല്ലാം അടഞ്ഞു കിടന്നു. ബാങ്കുകളും, പമ്പുകളും, ഹോട്ടലുകളും പ്രവർത്തിച്ചില്ല.

രാത്രി തന്നെ ഓട്ടം നിറുത്തി

24 മണിക്കൂർ പണിമുടക്കായതിനാൽ അർദ്ധരാത്രി തന്നെ കെ.എസ്.ആർ.ടി.സി സർവീസ് അവസാനിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാർ എത്തിയെങ്കിലും യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് സർവീസുകൾ മുടക്കി. കോട്ടയം ഡിപ്പോയിൽ നിന്ന് മൂന്ന് സർവീസുകൾ മാത്രമാണ് നടത്തിയത്. ഈരാറ്റുപേട്ടയിൽ രണ്ടും പൊൻകുന്നത്ത് മൂന്നും പാലായിൽ ഏഴും എരുമേലിയിൽ ഒന്നും സർവീസുകൾ നടത്തി. പൊൻകുന്നത്ത് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് സമരക്കാർ തടഞ്ഞു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ഓടിയില്ല.

 ടൂറിസം കേന്ദ്രങ്ങളെ ബാധിച്ചു

കുമരകം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളെ പണിമുടക്ക് ബാധിച്ചു. കാര്യമായ ഹോട്ടലുകൾ തുറന്നിരുന്നില്ല. ഹൗസ് ബോട്ടുകളും സർവീസ് നടത്തിയില്ല. സഞ്ചാരികളും നന്നേ കുറവായിരുന്നു.