ഈ വീഡിയോ ഇതുവരെ ആരെയും കാണിച്ചിട്ടില്ല, ഇതിന് സ്നേഹത്തിന്റെ ഭാഷയുണ്ട്, മറ്റുള്ളവർക്കത് മനസിലാകണമെന്നില്ല, മറുപടിയുമായി ബാല

Tuesday 17 September 2019 7:32 PM IST

കഴിഞ്ഞ ദിവസം സിനിമാ താരം ബാല മകൾ അവന്തികയുമായി ഒാണം ആഘോഷിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതുവരെ ആഘോഷിച്ചതിൽ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ ഇതിനെ തുടർന്ന് നിരവധി വിമർശനങ്ങളും ഉയർന്നു. താരം പങ്കുവച്ച വീ‌ഡിയോയിൽ മകൾ അവന്തിക സന്തോഷത്തോടെയല്ല ഉള്ളതെന്നും മറിച്ച് പേടിച്ചാണ് നിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തി.

ഇതിന് പിന്നാലെ പുതിയ വീ‌‌‌ഡിയോ ബാല ഫേസ്ബുക്കിൽ പങ്കുവച്ചു. മകൾക്കൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ ചേ‍ർത്തുവെച്ചൊരുക്കിയ വിഡിയോ ആണ് പങ്കുവച്ചത്. വീഡിയോയിൽ അമ‌‌ൃതയും ഒപ്പമുണ്ട്. ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഭാഷയുണ്ടെന്നും അത് മറ്റുള്ളവർക്ക് മനസിസിലാകണമെന്നില്ലെന്നും ബാല വീഡിയോയ്ക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

2010ലായിരുന്നു ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായത്. 2012ൽ ഇരുവർക്കും അവന്തിക ജനിച്ചു. ദീർഘനാളായി അകന്നു കഴിയുന്ന ഇരുവരും ഈ വർഷമാണ് വിവാഹ മോചിതരായത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘യഥാർഥ സത്യം ഇതാ. ഈ വിഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകൾ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. ഞാൻ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാൻ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവൾ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.