ഗുരുദത്ത് എന്ന വെള്ളിനക്ഷത്രം

Thursday 10 July 2025 3:26 AM IST

അത്ഭുതമാണ് ഗുരുദത്തിന്റെ ജന്മശതാബ്ദി ആരും ഓർക്കാതെ കടന്നുപോവുക എന്നു പറഞ്ഞാൽ. ഇന്ത്യൻ ചലച്ചിത്രാസ്വാദകരുടെ മനസിൽ അത്രയേറെ ചലനങ്ങൾ സൃഷ്ടിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗുരുദത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ വിസ്മരിക്കപ്പെടാതെ നിലകൊള്ളുന്നുണ്ട്. വസന്തകുമാർ ശിവശങ്കർ പദുക്കോൺ- അതായിരുന്നു ഗുരുദത്തിന്റെ ആദ്യത്തെ പേര്. ബാംഗ്ലൂരിൽ ജനനം. ഒരു അപകടത്തെ തുടർന്ന് ആ പേര് മാറ്റേണ്ടതുണ്ട് എന്നു തീരുമാനിച്ചപ്പോഴാണ് അദ്ദേഹം ഗുരുദത്ത പദുക്കോൺ ആയത്. പിന്നീട് ഗുരുദത്തായി.

കലാരംഗത്ത് അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ് നൃത്തത്തിൽ ആയിരുന്നു വിഖ്യാതനായ ഉദയശങ്കറിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. ഉദയശങ്കർ 'കല്പന" നിർമ്മിക്കുമ്പോൾ അതുമായി ബന്ധപ്പെട്ടാണ് ഗുരുദത്ത് സിനിമയിലേക്ക് കടക്കുന്നത്. എട്ടു ചിത്രങ്ങൾ ഗുരുദത്ത് സംവിധാനം ചെയ്തു . അതിലേറെ ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. വ്യത്യസ്ത ജോണറുകളിൽപ്പെടുന്ന ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. അതിൽ ചരിത്രമുണ്ടായിരുന്നു, കുറ്റാന്വേഷണമുണ്ടായിരുന്നു, കോമഡിയുണ്ടായിരുന്നു. സാമൂഹികവും ആത്മകഥാപരവുമായ ചിത്രങ്ങളുണ്ടായിരുന്നു.

'കല്പന"യിൽ പ്രവർത്തിക്കുമ്പോൾ സിനിമ അദ്ദേഹത്തെ ഹഠാദാകർഷിച്ചു. അതിന്റെ ഫലമായി അദ്ദേഹം പ്രഭാത് ഫിലിം കമ്പനിയിലേക്കു പോയി. അവിടെ നൃത്ത സംവിധായകൻ, സംവിധാന സഹായി എന്നീ നിലകളിൽ പ്രവർത്തിച്ചു. അവിടെവച്ച് പരിചയപ്പെട്ട വിശ്രുത നടൻ ദേവാനന്ദാണ് ഗുരുദത്തിന് ആദ്യമായി സംവിധാനത്തിനുള്ള ഒരു അവസരം നല്കിയത്. 'ബാസി" (1951) ആണ് ഗുരുദത്തിന്റെ ആദ്യചിത്രം. ഇതിലും അടുത്ത ചിത്രമായ 'ജാലി"ലും ദേവാനന്ദ് തന്നെയായിരുന്നു നായകൻ. താൻ കൂടി പങ്കാളിയായി ആദ്യമായി നിർമ്മിച്ച 'ബാസി" എന്ന ചിത്രത്തിലൂടെയാണ് ഗുരുദത്ത് ആദ്യമായി നായകനാകുന്നത്. തുടർന്നാണ് അദ്ദേഹം ഒറ്റയ്ക്ക് ഗുരുദത്ത് ഫിലിംസ് ആരംഭിക്കുന്നത്.

തരംഗമായ

'പ്യാസ"

1957 ലാണ് ഗുരുദത്ത് 'പ്യാസ"യ്ക്ക് രൂപം നല്കുന്നത്. 'പ്യാസ" അദ്ദേഹത്തെ ഇന്ത്യയിലെ പ്രമുഖ സംവിധായകരുടെ നിരയിലേക്ക് ഉയർത്തി. സ്വന്തം സാഹചര്യങ്ങളിൽ അന്യനാകുന്ന, പരാജയത്തിന്റെ കയ്പുനീർ കുടിക്കുന്ന വിജയ് എന്ന കവിയെയാണ് ഗുരുദത്ത് 'പ്യാസ"യിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നാണ് 'പ്യാസ." അതിനെ അനുകരിച്ചുള്ള ചിത്രങ്ങൾ മലയാളത്തിൽ വരെ പുറത്തിറങ്ങുകയുണ്ടായി.

'പ്യാസ"യിൽ തളംകെട്ടി നിൽക്കുന്ന വിഷാദമുണ്ട്. എന്നിട്ടും അതൊരു വൻ സാമ്പത്തിക വിജയമായി. സാഹിർ ലുധിയാൻവി രചിച്ച് എസ്.ഡി. ബർമൻ ഈണം പകർന്ന ഗാനങ്ങൾക്ക് ഈ വിജയത്തിൽ വലിയ പങ്കുണ്ട്. ഇന്നും സംഗീത പ്രേമികളുടെ ചുണ്ടുകളിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഗാനങ്ങളാണ് 'പ്യാസ"യിലേത്. വഹീദാ റഹ്മാനും മാലാ സിൻഹയുമായിരുന്നു ചിത്രത്തിലെ നായികമാർ. വഹീദാ റഹ്മാനുമായി പുലർത്തിയ ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിൽ താളപ്പിഴകൾ സൃഷ്ടിച്ചു.

അനുരാദവും

അപവാദവും

തുടർന്ന് ഗുരുദത്ത് സംവിധാനം ചെയ്ത 'കാഗസ് കേ ഫൂൽ" കുറേക്കൂടി കലാപരത പുലർത്തുന്ന ചിത്രമായിരുന്നു ഗുരുദത്തിന്റെ ആത്മാംശം നിറഞ്ഞ ചിത്രമാണത്. അദ്ദേഹവുമായി ബന്ധപ്പെട്ട അപവാദ കഥയിലെ നായികയായ വഹീദാ റഹ്മാൻ തന്നെയാണ് ഈ ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം. എന്നാൽ വലിയ മുതൽമുടക്കുള്ള ഈ ചിത്രത്തിന് സാമ്പത്തികവിജയം നേടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,​ നിരൂപക പരിഗണനയോ അംഗീകാരങ്ങളോ നേടിയതുമില്ല. ദേശീയ തലത്തിൽ അവാർഡ് നേടുകയും വിദേശമേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത ഒറ്റ ചിത്രമേ ഗുരുദത്ത് നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ളൂ- 'സാഹിബ് ബിബി ഔർ ഗുലാം."

സമകാലിക സംവിധായകരിൽ നിന്ന് വ്യത്യസ്തമായ ഒരു ദൃശ്യബോധം അദ്ദേഹത്തിനുണ്ടായിരുന്നു ക്യാമറയുടെ ആംഗിളുകളിലും ചലനങ്ങളിലും ആ വ്യത്യസ്തത കാണാമായിരുന്നു പൂർണതയ്ക്കു വേണ്ടിയുള്ള നിലയ്ക്കാത്ത അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പല ചിത്രങ്ങളും തുടങ്ങിവച്ച്,​ അസംതൃപ്തി അനുഭവപ്പെട്ടപ്പോൾ അവയിൽ പലതും പാതിവഴിയിൽ നിർത്തിവച്ചു. അതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെപ്പറ്റി അദ്ദേഹം ചിന്തിച്ചതേയില്ല. അസംതൃപ്തമായ ദാമ്പത്യബന്ധവും അശാന്തമായ മനസും ഭഗ്നമായ പ്രണയബന്ധവും എല്ലാം ചേർന്ന് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. മരിക്കുമ്പോൾ മുപ്പത്തിയൊൻപത് വയസ് മാത്രമായിരുന്നു ഗുരുദത്തിന്. സിനിമാ ചരിത്രത്തിലെ കാലാതീതമായി തിളങ്ങിനിൽക്കുന്ന വെള്ളിനക്ഷത്രമാണ് ഗുരുദത്ത്.

(പ്രശസ്ത ചലച്ചിത്ര നിരൂപകനും സംവിധായകനുമാണ് ലേഖകൻ)