ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻചുണ്ടൻ ജേതാക്കൾ
കുട്ടനാട്: പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻ.സി.ബി.സി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷന്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യു.ബി.സി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി.
വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് ക്ലബിന്റെ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പിൽ കൾച്ചറൽ ഡെവലപ്മെന്റ് സെന്റർ ആൻഡ് സൊസൈറ്റി ക്ലബിന്റെ നവജ്യോതി രണ്ടാം സ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബിന്റെ പി.ജി കരിപ്പുഴ ഒന്നാം സ്ഥാനവും കൊടുപ്പുന്ന ബോട്ട് ക്ലബിന്റെ ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൊടിക്കുന്നിൽ സുരേഷ് എം.പിയും തോമസ് കെ.തോമസ് എം.എൽ.എയും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
മത്സരവള്ളംകളിക്ക് മുന്നോടിയായി രാവിലെ തിരുവിതാം കൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം മാപ്പിളശ്ശേരി തറവാട് കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾ നടത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് 2ന് തോമസ് കെ. തോമസ് എം എൽ എ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി വള്ളംകളി ഉദ്ഘാടനം ചെയ്തു ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ.ഗ്രിഗറി ഓണംകുളം ഭദ്രദീപം തെളിച്ചു.