നന്മനിറഞ്ഞ ഉണ്ണൂണ്ണിക്ക് വിശ്രമ ജീവിതത്തിലുംപൊലീസിന്റെ ആദരം
ചെന്നിത്തല: പ്രായം സെഞ്ച്വറിയിലേക്ക് കുതിക്കുന്ന റിട്ട.പൊലീസുകാരനായ ചെന്നിത്തല കാരാഴ്മ പാലമൂട്ടിൽ എം.ടി ഉണ്ണുണ്ണിയെ (97) പൊലീസ് സേന മറന്നില്ല. കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ല്യു.എ) മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഉണ്ണൂണ്ണിയെ വീട്ടിലെത്തി ആദരിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനു കുമാർ.ടി പൊന്നാട അണിയിച്ചു. മാന്നാർ എസ്.എച്ച്.ഒ രജീഷ് കുമാർ.ഡി, വെൺമണി എസ്.എച്ച്.ഒ അഭിലാഷ്.എം.സി, മാവേലിക്കര എസ്.എച്ച്.ഒ ശ്രീജിത്ത്.സി, കെ.എസ്.പി.പി.ഡബ്ല്യു.എ ആലപ്പുഴ ജില്ലാ വൈസ്പ്രസിഡന്റ് പി.വേലായുധൻപിള്ള, യൂണിറ്റ് പ്രസിഡന്റ് ഡി.രാജേന്ദ്രകുമാർ, സെക്രട്ടറി എം.ശിവദാസൻ, വൈസ് പ്രസിഡന്റ് ജ്ഞാനദാസ്, ജോ.സെക്രട്ടറി സുഭാഷ്, ട്രഷറർ കെ.കെ.ഉദയൻ, കമ്മിറ്റിയംഗം ശ്രീകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. 1951ൽ കൊല്ലം എ.ആർ ക്യാമ്പിൽ നിന്ന് തുടങ്ങിയ ഉണ്ണുണ്ണിയുടെ സർവീസ് ജീവിതം അവസാനിച്ചത് 1984 ജനുവരിയിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലായിരുന്നു.
എ.കെ ആന്റണിയെ രക്ഷിച്ച കഥ
കപ്പ മോഷ്ടിച്ച പ്രതിയെ തേടി വീട്ടിലെത്തിയപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ കണ്ട് പോക്കറ്റിൽ നിന്ന് കാശെടുത്ത് കൊടുത്ത് സഹായിച്ച ഉണ്ണൂണ്ണിക്ക് 1972 ജൂലായ് 22ന് കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണി, തച്ചടി പ്രഭാകരൻ, വി.എം.സുധീരൻ എന്നിവരെ പ്രകടനക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയ കഥയും പറയാനുണ്ട്. അതിന്റെ പേരിൽ പൊലീസ് വകുപ്പിന്റെ പ്രശംസാപത്രവും പത്ത് രൂപ കാഷ് അവാർഡും അന്ന് ലഭിച്ചിരുന്നു. അന്ന് എം.എൽ.എയും ഐക്യമുന്നണി ലെയ്സൺ കമ്മിറ്റി കൺവീനറും കെ.പി.സി.സി സെക്രട്ടറിയുമാരുന്നു എ.കെ ആന്റണി. കെ.എസ്.യു പ്രസിഡന്റായിരുന്നു വി.എം.സുധീരൻ.തച്ചടി പ്രഭാകരനുമൊത്ത് കാറിൽ യാത്ര ചെയ്ത് വരവേയാണ് തിരുവല്ല തുകലശ്ശേരിയിൽ വച്ച് പ്രകടനവുമായെത്തിയ ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ എ.കെ ആന്റണിയുടെ കഴുത്തിൽ കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ അവിചാരിതമായി അവിടെയെത്തിയ തിരുവല്ല സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയിരുന്ന ഉണ്ണൂണ്ണിയും സഹപ്രവർത്തകൻ എ.ആർ ക്യാമ്പിലെ സഹപ്രവർത്തകൻ സദാശിവൻനായരും നാടകീയമായി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ആന്റണിയുടെ കാർ എം.സി റോഡിൽ നിന്നും കോഴഞ്ചേരി റൂട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട്, എ.കെ ആന്റണി രാജ്യരക്ഷാ മന്ത്രിയായിരിക്കെ ആലപ്പുഴയിൽ ഒരുചടങ്ങിൽ വച്ച് ഉണ്ണൂണ്ണിയെ കാണുകയും അഭിനന്ദിക്കുകയുമുണ്ടായി. അതിന്റെ വാർത്ത വന്ന ദിനപത്രം ഒരു നിധിയായി ഇപ്പോഴും കാത്തു സൂക്ഷിക്കുകയാണ് ഈ റിട്ട.പൊലീസുകാരൻ. കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ : മോനച്ചൻ (ഭിലായ്), റോസമ്മ, അഡ്വ.പി.ഒ ജോസ്(റിട്ട. അഡീഷണൽ ലോ സെക്രട്ടറി)