ദേശീയപണിമുടക്ക്: ജില്ലയിൽ ജനജീവിതം സ്‌തംഭിച്ചു

Thursday 10 July 2025 2:06 AM IST

ആലപ്പുഴ: സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൽ ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. ചമ്പക്കുളം മൂലംവള്ളംകളിയുടെ ഭാഗമായി ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽനിന്ന്​ ഒഴിവാക്കിയിരുന്നു. പ്രദേശത്ത്​ കടക​മ്പോളങ്ങളും പെട്രോൾപമ്പുകളും പ്രവർത്തിച്ചു. കുട്ടനാട്​ മേഖലയിലേക്ക്​ മാത്രം ഭാഗികമായി കെ.എസ്.ആർ.ടി.സി സർവീസ്​ നടത്തി. ജലഗതാഗതവകുപ്പ് പുളിങ്കുന്നിലേക്ക് മാത്രം ഒരുസർവീസ് നടത്തി. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡും, സ്വകാര്യ ബസ്റ്റാൻഡും ഉൾപ്പടെ വിജനമായിരുന്നു. കായംകുളം അടക്കമുള്ള ചിലമേഖലകളിൽ സമരാനുകൂലികൾ സ്വകാര്യവാഹനങ്ങൾ തടഞ്ഞു. ആലപ്പുഴ നഗരത്തിലെ സ്വകാര്യബാങ്കുകൾ സമരക്കാർ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്​. ബഹുഭൂരിപക്ഷം കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എന്നാൽ,​ ആശുപത്രികൾക്ക് സമീപവും ചില ഉൾപ്രദേശങ്ങളിലും ഹോട്ടലുകൾ പ്രവർത്തിച്ചത് നിരവധിപ്പേർക്ക് ആശ്വാസമായി. ട്രെയിൻ സർവിസിനെ ബാധിച്ചില്ലെങ്കിയും റെയിൽവേ സ്​റ്റേഷനിലെത്തിയ യാത്രക്കാർ വാഹനംകിട്ടാതെ വലഞ്ഞു. സമാന്തരസർവീസ്​ നടത്തിയവർ അമിതചാർജ്​ ഈടാക്കിയതായും പരാതിയുണ്ട്​.

തൊഴിലാളികളുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രകടനവും ബി.എസ്​.എൻ.എൽ ജനറൽ മാനേജരുടെ ഓഫീസിന്​ മുന്നിൽ യോഗവും നടത്തി. ബി.എസ്. എൻ.എൽ ഓഫീസിന് മുന്നിൽ നടന്നയോഗം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്​ഘാടനം ചെയ്തു. പി.വി. സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, മുൻ എം.പി അഡ്വ.എ.എം.ആരിഫ്, ഡി.പി.മധു, അജയസുധീന്ദ്രൻ, വി.ബി.അശോകൻ, എ.എം.ഷിറാസ്, വി.ടി.രാജേഷ്, ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു. പി.പി.പവനൻ സ്വാഗതവും കെ.ജെ.പ്രവീൺ നന്ദിയും പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിന് മുന്നിൽനിന്ന്​ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പ​​ങ്കെടുത്തു.