മെഡിക്കൽ കോളേജിൽ എച്ച്.ഡി.എസ് ലാബ് ഉടൻ
തൃശൂർ: മെഡിക്കൽ കോളേജിൽ കുറഞ്ഞ നിരക്കിൽ പരിശോധനകൾ ലഭ്യമാക്കാൻ അത്യാധുനിക എച്ച്.ഡി.എസ് ലാബ് ഉടൻ. എച്ച്.ഡി.എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എച്ച്.ഡി.എസ് ലാബിന്റെയും ഹെൽത്ത് ഹബ്ബിന്റെയും മേൽനോട്ടത്തിനായി മാനേജരെ നിയമിക്കാനും തീരുമാനമായി. ആവശ്യമായ ജീവനക്കാർക്കുള്ള അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി. എച്ച്.ഡി.എസ് വഴി പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങും. സി.ടി. സ്‌കാൻ പ്രവർത്തനം ഉടൻ ആരംഭിക്കും. പുതുതായി സ്ഥാപിച്ച സി.ടി സ്‌കാൻ മെഷീന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെലി റിപ്പോർട്ടിംഗ് സംവിധാനം ഏർപ്പെടുത്തും. മെഡിക്കൽ കോളേജ് ജനറൽ ബോഡി യോഗം അടുത്ത മാസം ചേരാനും തീരുമാനമായി. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ. അശോകൻ, സൂപ്രണ്ട് ഡോ. രാധിക, എ.ആർ.എം.ഒ ഷിജി ടി.ജി തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് ഡയാലിസിസ് ടെക്‌നീഷ്യൻമാരെ നിയമിക്കും
ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അഞ്ച് പുതിയ ഡയാലിസിസ് ടെക്‌നീഷ്യൻമാരെ നിയമിക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ട്രോമ കെയർ ഓപ്പറേഷൻ തീയേറ്ററിലേക്ക് മൂന്ന് അനസ്‌തെറ്റിസ്റ്റുകളെ നിയമിക്കും. അടിയന്തര ശസ്ത്രക്രിയകൾക്ക് കൂടുതൽ വേഗത കൈവരുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആർ.എസ്.ബി.വൈയിൽ നിന്ന് ഫണ്ട് വകയിരുത്തിയാകും നിയമനം.
സെക്യൂരിറ്റി സൂപ്പർവൈസർ
സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒഴിഞ്ഞുകിടക്കുന്ന മൂന്ന് സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികകളിലേക്ക് വിമുക്തഭടന്മാരെ നിയമിക്കും. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കുന്നതിനായി പൊതു ഇടം നിർമ്മിച്ചത് ഉടൻ തുറക്കും. ഒ.പി ബ്ലോക്കിലും അത്യാഹിത വിഭാഗത്തിലും ഫുഡ് വെൻഡിംഗ് മെഷീനുകൾ പ്രവർത്തനം തുടങ്ങും. എച്ച്.ഡി.എസ് ക്യാന്റീനിലെ മലിനജല സംസ്‌കരണത്തിന് റോ വാട്ടർ ശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തും. താത്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കും. മെഡിക്കൽ കോളേജിലെ ഗസ്റ്റ് ഹൗസും ആശ്വാസ് വാടകവീടും പ്രവർത്തനം ആരംഭിച്ചതായും യോഗത്തെ അറിയിച്ചു.