പബ്ബിന് പുറത്ത് സംഘർഷവും ചീത്തവിളിയും, മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മിൽ വാക്കേറ്റം

Wednesday 09 July 2025 11:40 PM IST

കോർബ: മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മിൽ വാക്കേറ്റം. തന്റെ സ്കൂട്ടറിനു പിന്നിലിരിക്കുന്നത് ഭർത്താവാണെന്ന് ചൂണ്ടികാണിച്ചായിരുന്നു വാക്കേറ്റം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അർദ്ധരാത്രി നിശാക്ലബ്ബിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും നടത്തിയതിനു പിന്നാലെയാണ് മദ്യപിച്ചെത്തിയ സ്ത്രീ ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെട്ടത്. യുവതി ചീത്തവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിനടുത്തുള്ള നിശാക്ലബ്ബിനുള്ളിലാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. ക്ലബ്ബിന് അകത്ത് വച്ച് നടന്ന സംഘർഷം പുറത്തേക്കും വ്യാപിച്ചു. സംഘർഷത്തിനുള്ള കാരണം വ്യക്തമല്ല.

വിവരം അറിഞ്ഞെത്തിയ പൊലീസ് ഇരു വിഭാഗങ്ങളെയും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് ശേഷമാണ് യുവതിയും പൊലീസും തമ്മിൽ തർക്കം ഉണ്ടായത്. പൊലീസ് യുവതിയോട് പോകാൻ പറഞ്ഞിട്ടും ഉദ്യോഗസ്ഥർക്കു നേരേ ഇവർ ചീത്തവിളി തുടരുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.