വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറും അപകടാവസ്ഥയിൽ

Thursday 10 July 2025 1:44 AM IST

റവന്യൂടവറിനു മുന്നിൽ അപകടാവസ്ഥയിലായ ട്രാൻസ്‌ഫോർമറും വൈദ്യുതി പോസ്റ്റും.

നെടുമങ്ങാട്: നൂറുകണക്കിനാളുകൾ നിത്യവും വന്നുപോകുന്ന റവന്യൂ ടവറിന്റെ പ്രവേശന ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റും ട്രാൻസ്ഫോമറും അപകടാവസ്ഥയിൽ. ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ള കല്ലുകെട്ടും കോൺഗ്രീറ്റ് തൂണും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മഴയിൽ മണ്ണൊലിച്ചു പോയതാണ് അപകടാവസ്ഥയ്ക്ക് വഴിയൊരുക്കിയത്. കാലപ്പഴക്കത്താൽ ദ്രവിച്ച ട്രാൻസ്ഫോർമറും ചുറ്റുവേലിയും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലുമാണ്.

കോടതി സമുച്ഛയവും റവന്യൂ ഡിവിഷൻ ഓഫീസും താലൂക്കോഫീസും ഉൾപ്പെടെ മുപ്പതോളം സർക്കാർ ഓഫീസുകളുടെ മുന്നിലാണ് സുരക്ഷാഭീതി നിലനിൽക്കുന്നത്. ഈ ഓഫീസുകൾക്കും അമ്പതോളം വ്യാപാര സ്ഥാപനങ്ങൾക്കും വൈദ്യുതി വിതരണത്തിനായി വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ട്രാൻസ്ഫോർമറും പരിസരവും കാടുമൂടിയ നിലയിലുമാണ്.

വലിയ അപകടത്തിന് സാദ്ധ്യത

പോസ്റ്റും ട്രാൻസ്ഫോർമറും ചെരിഞ്ഞാൽ വലിയ അപകടത്തിന് ഇടയാക്കും. തിരക്കേറിയ കച്ചേരിനട ഗേൾസ് സ്കൂൾ റോഡ് ട്രാൻസ്ഫോറിന്റെ ഇടതുവശത്ത് കൂടിയാണ് കടന്നുപോകുന്നത്. കൺമുന്നിലെ അപകടക്കെണി അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപമുണ്ട് . അടിയന്തരമായി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നും അടിഭാഗം കോൺക്രീറ്റ് ചെയ്ത് മണ്ണിടിച്ചിൽ തടയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നെട്ടയിൽ ഷിനുവിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി. നടപടിയുണ്ടായില്ലെങ്കിൽ സമര രംഗത്തിറങ്ങുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.