കുതിച്ചുകയറി തേങ്ങവില നട്ടംതിരിഞ്ഞ് ഹോട്ടലുകൾ
വെമ്പായം: തേങ്ങയുടെ വില കിലോയ്ക്ക് നൂറിനോട് അടുത്തു.വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറും.ഇതോടെ ഹോട്ടൽ വ്യവസായങ്ങൾക്ക് തിരിച്ചടിയായി.തട്ടുകടകൾ മുതൽ ചെറുകിട,വൻകിട ഹോട്ടലുകളെ വരെ വിലക്കയറ്റം സാരമായി ബാധിക്കുന്നുണ്ട്.
കിലോയ്ക്ക് 30 മുതൽ 40 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോൾ 85 മുതൽ 90വരെയാണ് വില. കേരളീയ വിഭവങ്ങൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഒഴിവാക്കാനാവില്ല. പകരക്കാരെ ഉപയോഗിച്ചാൽ രുചി വ്യത്യാസമുണ്ടാകും. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടയാക്കും. ഇതോടെ വെളിച്ചെണ്ണയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഹോട്ടലുകാർ.
തട്ടുകടകളിലും വീടുകളുടെ അടുക്കളയിലുമുൾപ്പെടെ വലിയ തോതിലാണ് തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത്. ദിവസേന ഇരുപത് തേങ്ങകൾ വരെ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളുണ്ട്. നഷ്ടത്തിന്റെ പേരിൽ വിഭവങ്ങൾക്ക് വില കൂട്ടാനും കഴിയില്ല.നാലുമണി പലഹാരങ്ങൾക്ക് മിക്കവരും പാമോയിലിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയോളം രുചിയും ഗുണവും വരില്ലെങ്കിലും ഹോട്ടൽ പൂട്ടിപ്പോകാതെ പിടിച്ചുനിറുത്താമല്ലോ എന്ന ചിന്തയിലാണ് പല കച്ചവടക്കാരും.
വീടുകളിലും വെളിച്ചെണ്ണ കട്ട്
അവശ്യസാധനങ്ങൾ, പാചകവാതകം എന്നിവയുടെ വിലക്കയറ്റത്തിൽ നട്ടം തിരിയുന്നതിനിടെയാണ് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയർന്നത്
വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കുറച്ചുകൊണ്ട് പാചകരീതി പരിഷ്കരിക്കുകയാണ് പല വീട്ടമ്മമാരും
സാധാരണക്കാരുടെ അടുക്കള ലിസ്റ്റിൽ നിന്ന് വെളിച്ചെണ്ണയുടെ അളവ് വെട്ടിച്ചുരുക്കി തുടങ്ങി