​​​​​​​പൊലീസ് ക്വാർട്ടേഴ്സിൽ പെൺകുട്ടി മരിച്ച സംഭവം: അസ്വാഭാവികതയില്ലെന്ന് സി.ബി.ഐ റിപ്പോർട്ട്

Thursday 10 July 2025 12:51 AM IST

തിരുവനന്തപുരം: പാളയത്തെ പൊലീസ് ക്വാർട്ടേഴ്സിൽ 13കാരി മരിച്ച കേസിൽ അസ്വാഭാവികതയില്ലെന്ന സി.ബി.ഐയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് ഹാജരാക്കി. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ദുരൂഹതയുണ്ടെന്നും കുട്ടി പീഡനത്തിന് ഇരയായെന്നുമുള്ള മാതാപിതാക്കളുടെ സംശയത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്ന്

പൊലീസ് സർജൻ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം സാധൂകരിക്കുന്ന ഒരു തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയില്ല. കൊലപാതകം നടന്നതിന്റെ ഒരു തെളിവുമില്ലെന്നും റിപ്പോർട്ടിൽ സി.ബി.ഐ വ്യക്തമാക്കി.

പെൺകുട്ടിയുടെ മതാപിതാക്കൾ,ക്വാർട്ടേഴ്സിലെ ജീവനക്കാർ,അയൽവാസികൾ,മുൻ താമസക്കാർ,പെൺകുട്ടിയുടെ സഹപാഠികൾ,സ്‌കൂളിലെ മുൻ വിദ്യാർത്ഥികൾ തുടങ്ങി 210 സാക്ഷികളെ വിസ്‌തരിച്ചു. പെൺകുട്ടിക്ക് കുട്ടിക്കാലത്ത് തലയ്ക്ക് പരിക്കേറ്റിയിരുന്നു. തുടർന്ന് ഇടയ്ക്കിടക്ക് രക്തസ്രാവമുണ്ടായിരുന്നു. സംശയം തോന്നിയ ഒമ്പതുപേരെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും ഇവരിൽ നിന്ന് ഒരു തെളിവും ലഭിച്ചിട്ടില്ല.

ഒന്നും കണ്ടെത്താനാകാതെ

2023 മാർച്ച് 29നാണ് പെൺകുട്ടിയെ പൊലീസ് ക്വാർട്ടേഴ്സിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒന്നിന് മരിച്ചു. മ്യൂസിയം പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പൊലീസ് സർജന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന കണ്ടെത്തലിനെ തുടർന്ന് പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. 75 സാക്ഷികളെ ചോദ്യം ചെയ്‌തിട്ടും പൊലീസിന് ഒരു തെളിവും ലഭിച്ചില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 9 മാസം അന്വേഷിച്ചിട്ടും അവർക്കും തെളിവുകൾ ലഭിച്ചില്ല. കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സി.ബി.ഐക്ക് നൽകിയത്. ഈ റിപ്പോർട്ട് അംഗീകരിക്കുന്നതിൽ തർക്കമുണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ സമയം വേണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കോടതിയിൽ ആവശ്യമുന്നയിക്കാം.