തൊളിക്കോട് ഇരുത്തലമൂലയിൽ അപകടം തുടർക്കഥ തകർന്ന റോഡ് നാട്ടുകാർ മണ്ണിട്ട് നികത്തി

Thursday 10 July 2025 1:50 AM IST

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ ഇരുത്തലമൂല മേഖലയിലെ റോഡ് നാട്ടുകാർ മണ്ണും കല്ലുമിട്ട് കുഴികൾ നികത്തി. പുളിമൂട് പ്രദേശത്തെ നാട്ടുകാരും, ചുമട്ടുതൊഴിലാളികളും, വ്യാപാരിവ്യവസായികളും ചേർന്നാണ് മണ്ണിട്ട് നികത്തിയത്. റോഡിലെ ഗട്ടറിൽ പതിച്ച് അപകടങ്ങൾ തുടർന്നിട്ടും നടപടികൾ സ്വീകരിക്കുന്നില്ല. ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവിടെ വെട്ടിപ്പൊളിച്ചത്. കരാറുകാരൻ സ്ഥലം വിട്ടതോടെ പണിനിലച്ചു. റോഡിൽ ഏറ്റവും കൂടുതൽ ഗട്ടർനിറഞ്ഞുകിടക്കുന്ന മേഖലകൂടിയാണ് ഇരുത്തലമൂല. പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട് എന്നീ ടൂറിസംമേഖലകളിലേക്കായി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഇതുവഴിയാണ് യാത്ര നടത്തുന്നത്. നേരത്തേ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തൊളിക്കോട്, പനയ്ക്കോട് മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. എസ്.ഡി.പി.ഐ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി ഇരുത്തലമൂല റോഡിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. റോഡിന്റെ തകർച്ചയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധിതവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊൻമുടി നെടുമങ്ങാട് റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.