ആലിയ ഭട്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മുൻ പി.എ അറസ്റ്റിൽ
മുംബയ്: നടി ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. വേദികയെ ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് മുംബയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. തട്ടിപ്പിന്റെ വ്യാപ്തി അറിയാനും മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക ക്രമക്കേടുകൾക്ക് വേദികക്കെതിരെ ആലിയയുടെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ ജനുവരി 23നാണ് ജുഹു പൊലീസിൽ പരാതി നൽകിയത്. ആലിയയുടെ വ്യാജ ഒപ്പുകളുണ്ടാക്കി രണ്ട് വർഷത്തിനിടെ വേദിക 77 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളാണ് നടത്തിയതെന്ന് പൊലീസ് പറയുന്നത്. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിൽ നിന്നും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയത്. വിശ്വാസവഞ്ചന, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വേദികയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
2022 മേയിലും 2024 ആഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 2021-2024 കാലത്താണ് ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റായി വേദിക ഷെട്ടി പ്രവർത്തിച്ചിരുന്നത്. ഈ കാലയളവിൽ നടിയുടെ സാമ്പത്തിക രേഖകളും പണമിടപാടുകളും കൈകാര്യം ചെയ്തിരുന്നത് അവരായിരുന്നു. അവരുടെ ഷെഡ്യൂളുകളടക്കം തയ്യാറാക്കുകയും ചെയ്തിരുന്നു. വേദിക ഷെട്ടി വ്യാജ ബില്ലുകൾ തയ്യാറാക്കി ഭട്ടിനെക്കൊണ്ട് അവ ഒപ്പിടുവിച്ച് പണം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. നടിയുടെ യാത്രകൾക്കും മീറ്റിങ്ങുകൾക്കും മറ്റ് അനുബന്ധ കാര്യങ്ങൾക്കും വേണ്ടി ചെലവായ തുക എന്നാണ് അവർ നടിയോട് പറഞ്ഞിരുന്നത്. വ്യാജ ബില്ലുകൾ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കാൻ വേദിക ഷെട്ടി പ്രൊഫഷണൽ ടൂളുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നടി ബിൽ ഒപ്പിട്ട ശേഷം തുക വേദിക അവരുടെ ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു, ആ സുഹൃത്ത് പിന്നീട് ഈ പണം വേദിക ഷെട്ടിക്ക് തിരികെ കൈമാറുകയായിരുന്നു ചെയ്തിരുന്നത്. റസ്ദാൻ പൊലീസ് പരാതി നൽകിയതിനു ശേഷം വേദിക ഷെട്ടി ഒളിവിൽ പോയി. ഒളിത്താവളങ്ങൾ അവർ മാറ്റിക്കൊണ്ടിരുന്നു. ആദ്യം രാജസ്ഥാനിലേക്കും പിന്നീട് കർണാടകയിലേക്കും പിന്നീട് പൂനെയിലേക്കും അതിനുശേഷം ബംഗളൂരുവിലേക്കും അവർ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഒടുവിൽ ജുഹു പൊലീസ് ബംഗളൂരുവിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്.