ബീഹാർ വോട്ടർ പട്ടിക പുതുക്കൽ: ഇന്ന് നിർണായക വാദം

Thursday 10 July 2025 1:23 AM IST

ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി 'ഇന്ത്യ' സഖ്യത്തിലെ പാർട്ടികളും ആക്‌ടിവിസ്റ്റുകളും ഉൾപ്പെടെ സമർപ്പിച്ച ഹ‌ർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. എതിർകക്ഷിയായ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് അറിയിച്ചേക്കും. കോൺഗ്രസ്,ആർ.ജെ.ഡി,തൃണമൂൽ കോൺഗ്രസ്,ജാർഖണ്ഡ് മുക്തി മോർച്ച,സി.പി.ഐ(എം.എൽ) തുടങ്ങി 10ൽപ്പരം പ്രതിപക്ഷ പാർട്ടികളാണ് കോടതിയെ സമീപിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്,പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്,ആക്‌ടിവിസ്റ്റുകളായ യോഗേന്ദ്ര യാദവ്,അർഷാദ് ആലം,രൂപേഷ് കുമാർ,മുൻ ബീഹാർ എം.എൽ.എ മുജാഹിദ് ആലം (ജെ.ഡി.യു)​ തുടങ്ങിയവരുടെ ഹർജികളും കോടതിക്ക് മുന്നിലുണ്ട്. വോട്ടർപട്ടികയിലിടം ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ്,പൗരത്വ രേഖകൾ തുടങ്ങിയവ ചോദിക്കുന്നതിനെയും,ആധാർ-റേഷൻ കാർഡ് തുടങ്ങിയ രേഖകൾ സ്വീകരിക്കാത്തതിനെയുമാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്. അതേസമയം,രാജ്യത്താകമാനം ലോക്‌സഭ-നിയമസഭ-തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് തീവ്ര വോട്ടർപട്ടിക പുതുക്കൽ നടത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാദ്ധ്യായയും ഹർജി സമർപ്പിച്ചിട്ടുണ്ട്.

ഭരണഘടനാ വിരുദ്ധ

ശക്തികളെ തുറന്നുകാട്ടും

ഇന്നലെ പാട്നയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്,സി.പിഎം ജനറൽ സെക്രട്ടറി എം.എ ബേബി,സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ,സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുത്തു.

ഭരണഘടനാ വിരുദ്ധ ശക്തികളെ തുറന്നുകാട്ടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആദ്യം മഹാരാഷ്ട്രയിലെ ജനവിധി അട്ടിമറിച്ചെന്നും, ഇപ്പോൾ ബീഹാറിലും അതേ ഗൂഢാലോചന നടപ്പാക്കുകയാണെന്നും ആരോപിച്ചു. പ്രതിപക്ഷ സഖ്യം ആഹ്വാനം ചെയ്‌ത ബന്ദ് കാരണം ഇന്നലെ ബീഹാറിൽ ജനജീവിതം തടസപ്പെട്ടിരുന്നു. ജുഡിഷ്യറിയെ സമ്മർദ്ദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ബി.ജെ.പി പ്രതികരിച്ചു.