യുക്രെയിനിൽ റഷ്യയുടെ അതിശക്ത വ്യോമാക്രമണം  ആക്രമണം പുട്ടിനെ ട്രംപ് വിമർശിച്ച പിന്നാലെ

Thursday 10 July 2025 7:04 AM IST

കീവ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യുക്രെയിനിൽ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ 728 ഡ്രോണുകളാണ് യുക്രെയിനെതിരെ റഷ്യ വിക്ഷേപിച്ചത്. 13 ക്രൂസ്/ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു.

2022 ഫെബ്രുവരിയിൽ യുക്രെയിനിൽ സംഘർഷം തുടങ്ങിയ ശേഷം ആദ്യമായാണ് റഷ്യ ഇത്രയും അധികം ഡ്രോണുകൾ വിക്ഷേപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിമർശിച്ച ട്രംപ് യുക്രെയിനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പുട്ടിൻ തങ്ങൾക്ക് നേരെ അസംബന്ധം വാരിയെറിയുകയാണെന്നാണ് ട്രംപ് പറഞ്ഞത്.

യുക്രെയിൻ വിഷയത്തിൽ റഷ്യയുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തിനിടെ പുട്ടിൻ ട്രംപിനോട് വ്യക്തമാക്കിയിരുന്നു. അതിനിടെ,​ റഷ്യയിൽ നിന്ന് എണ്ണ,​ വാതകം,​ യുറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം തീരുവ ചുമത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ പിന്തുണയ്ക്കുന്നതും ട്രംപിന്റെ പരിഗണനയിലുണ്ട്.

# ചർച്ചകൾക്ക് വത്തിക്കാൻ

വേദിയാകാം : മാർപാപ്പ

യുക്രെയിനും റഷ്യയും തമ്മിലെ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. അതേ സമയം, നാറ്റോ അംഗമായ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നതിനാൽ വത്തിക്കാനിൽ സമാധാന ചർച്ചയ്ക്ക് തയ്യാറാകില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.