സ്‌പേസ് എക്‌സുമായുള്ള പദ്ധതി മരവിപ്പിച്ച് യു.എസ് എയർഫോഴ്സ്
വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ് കമ്പനിയുമായി ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി നിറുത്തിവച്ച് യു.എസ് എയർഫോഴ്സ്. പസഫിക് സമുദ്രത്തിലെ ദ്വീപായ ജോൺസ്‌റ്റൺ അറ്റോളിൽ നിന്ന് ഹൈപ്പർസോണിക് റോക്കറ്റ് കാർഗോ ഡെലിവറി പരീക്ഷണം നടത്താനായിരുന്നു പദ്ധതി.
ഇത്തരം പരീക്ഷണം ദ്വീപിലെ കടൽപക്ഷികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നാണ് വിവരം. പദ്ധതിക്കായി എയർഫോഴ്സ് മറ്റിടങ്ങൾ തെരയുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, വിഷയത്തിൽ എയർഫോഴ്സോ സ്പേസ് എക്സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഹവായ്‌യിൽ നിന്ന് 800 മൈൽ അകലെ തെക്കു പടിഞ്ഞാറായാണ് ജോൺസ്‌റ്റൺ അറ്റോൾ. സംരക്ഷിക്കപ്പെട്ട 14ഓളം സ്പീഷീസിലെ കടൽപ്പക്ഷികളുടെ കേന്ദ്രമായ ജോൺസ്‌റ്റൺ അറ്റോളിൽ സ്ഥിര മനുഷ്യവാസമില്ല.
പക്ഷികളുടെ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരും ഗവേഷകരും ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇവിടെ തങ്ങാറുണ്ട്. റെഡ് - ടെയ്‌ൽഡ് ട്രോപിക് ബേർഡുകൾ പോലെ മണ്ണിൽ കൂടുകെട്ടി മുട്ടയിടുന്ന പക്ഷികൾ ദ്വീപിലുണ്ട്.
# 90 മിനിറ്റിനുള്ളിൽ പറന്നെത്തും !
പദ്ധതിക്കായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടത് സ്പേസ് എക്സിന്റെ കൊമേഴ്ഷ്യൽ റോക്കറ്റുകൾ
പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകൾ (ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചിറങ്ങാൻ ശേഷിയുള്ളവ) വഴി ഭൂമിയിലെവിടെയും 90 മിനിറ്റിനുള്ളിൽ 100 ടൺ വരെ ചരക്ക് എത്തിക്കുക ലക്ഷ്യം
പദ്ധതി യാഥാർത്ഥ്യമായാൽ വിദൂര പ്രദേശങ്ങളിലേക്ക് വേഗത്തിൽ സൈനിക വസ്തുക്കൾ എത്തിക്കാൻ കഴിയും