തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; വിദേശത്ത് നിന്നെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി
തിരുവനന്തപുരം: ആറ്റിങ്ങലിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നേ കാൽ കിലോ എം ഡി എം എയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. സംഭവത്തിൽ സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരാണ് പിടിയിലായത്. അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിതെന്നാണ് വിവരം.
വിദേശത്ത് നിന്നാണ് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്താനായില്ല. സ്വർണക്കടത്തിലെയും മയക്കുമരുന്ന് കടത്തിലെയും പ്രതിയാണ് സഞ്ജു.
സഞ്ജു ഈ മാസം ആദ്യം വിദേശത്ത് പോയതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. സ്വർണമോ മയക്കുമരുന്നോ കടത്താനായിരിക്കുമെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. സഞ്ജുവും കൂട്ടാളിയായ നന്ദുവും ഇന്ന് പുലർച്ചെ നാട്ടിലെത്തി. ഇരുവരും സഞ്ചരിച്ച വാഹനം ഡാൻസാഫ് സംഘം തടഞ്ഞെങ്കിലും നിർത്താതെ പോകുകയായിരുന്നു.
പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം വണ്ടി പരിശോധിച്ചെങ്കിലും ലഹരിമരുന്നൊന്നും കണ്ടെത്താനായില്ല. എന്നാൽ തൊട്ടുപിന്നാലെയെത്തിയ പിക്കപ്പും സംശയം തോന്നി പരിശോധിച്ചു. ഈന്തപ്പഴമായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ എം ഡി എം എ കണ്ടെത്തി. ഈ വാഹനത്തിലുണ്ടായിരുന്ന ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും സഞ്ജുവിന്റെ കൂട്ടാളികളാണ്.