'തടങ്കലിലെ പീഡനം, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങൾ'; അടിയന്തരാവസ്ഥയെ വിമർശിച്ച് തരൂരിന്റെ ലേഖനം
ന്യൂഡൽഹി: അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിക്കുന്ന ലേഖനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും രൂക്ഷമായി വിമർശിക്കുന്ന ലേഖനവുമായാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും മാദ്ധ്യമങ്ങളും പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു.
'അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ ഇന്ത്യയിലായിരുന്നു, എന്നാൽ താമസിയാതെ ബിരുദ പഠനത്തിനായി അമേരിക്കയിലേക്ക് പോകേണ്ടിവന്നു, ബാക്കിയുള്ള കാര്യങ്ങൾ ദൂരെ നിന്നാണ് നിരീക്ഷിച്ചത്. തുടക്കത്തിൽ, ആഴത്തിലുള്ള അസ്വസ്ഥത എന്നെ അത്ഭുതപ്പെടുത്തി. ശക്തമായ സംവാദത്തിനും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും പരിചിതമായ ഇന്ത്യൻ പൊതുജീവിതം ഒരു ഭയാനകമായ നിശബ്ദതയ്ക്ക് വഴിമാറി.
അടിയന്തരാവസ്ഥയ്ക്ക് മാത്രമേ ആഭ്യന്തര ക്രമക്കേടുകളും ബാഹ്യ ഭീഷണികളും ചെറുക്കാനും, രാജ്യത്ത് അച്ചടക്കവും കാര്യക്ഷമതയും കൊണ്ടുവരാനും കഴിയൂ എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ശഠിച്ചു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി.
അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണ്. കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നു'- തരൂർ ലേഖനത്തിൽ വ്യക്തമാക്കി.