100 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് സൂചന

Thursday 10 July 2025 10:20 AM IST

ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ വർഗീസും ഭാര്യ ഷൈനി ടോമിയും കെനിയയിലേക്ക് കടന്നതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച മുംബയ് വഴി ടൂറിസ്റ്റ് വിസയിലാണ് ഇവർ പോയത്. ദമ്പതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടെ ആരെങ്കിലും പോയിട്ടുണ്ടോ എന്നറിയാനുളള ശ്രമത്തിലാണ് പൊലീസ്.

ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ടോമിയും ഭാര്യയും ബംഗളൂരുവിൽ നിന്നു മുങ്ങിയത്. ഇതോടെയാണ് ഇവർക്കെതിരെ നിക്ഷേപകർ പരാതി നൽകിയത്. എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് വരെ പൊലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നരക്കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കാമെന്നാണ് വിവരം. നിക്ഷേപകരുടെ പരാതിയിൽ ബംഗളൂരു രാമമൂർത്തിനഗർ പൊലീസാണ് കേസെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസായതിനാൽ സിഐഡിയും അന്വേഷിക്കും. ബംഗളൂരുവിലെ ഇവരുടെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായും പൊലീസ് കണ്ടെത്തി.

കുട്ടനാട് രാമങ്കരി സ്വദേശിയായ ‌ ടോമി ബംഗളൂരുവിൽ ബിസിനസ് നട‌ത്തുകയാണെന്നാണ് നാട്ടിൽ നിന്ന് ലഭിച്ച വിവരം. മകളുടെ ആദ്യ കുർബാനയ്ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്ക് സമീപമുള്ള കുടുംബ വീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടോമിയുടെ മാതാവ് സഹോദരനൊപ്പം ചങ്ങനാശേരിയിലാണ് താമസിക്കുന്നത്.