നിങ്ങൾക്ക് രാജ്യസ്നേഹം കൂടുതലാണെങ്കിൽ ആദ്യം പാകിസ്ഥാനിൽ പോകൂ,​ കാശ്മീർ വിഷയത്തിൽ മലാലയ്ക്ക് ഹീന സിദ്ധുവിന്റെ മറുപടി

Tuesday 17 September 2019 8:43 PM IST

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ നോബേൽ ജേതാവ് മലാല യുസഫ് സായ്‌യുടെ പ്രസ്താവനക്കെതിരെ ഇന്ത്യൻ ഷൂട്ടിങ് താരം ഹീന സിദ്ധു രംഗത്തെത്തി. കാശ്മീരിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല എന്നായിരുന്നു മലാലയുടെ ആരോപണം. ദിവസങ്ങളായി തങ്ങൾക്കു വീടു വിട്ടിറങ്ങാൻ സാധിക്കുന്നില്ലെന്ന് പല കശ്മീരി സ്ത്രീകളും തന്നോടു പരാതി പറഞ്ഞെന്ന് മലാല ട്വിറ്ററിൽ കുറിച്ചിരുന്നു.

എത്രയും പെട്ടെന്ന് കാശ്മീരിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കണമെന്ന് മലാല അവശ്യപ്പെട്ടിരുന്നു. മലാലയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ച‌ർച്ചയായതോടെ നിരവധി പേർ അവരെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി. എന്നാൽ ഇന്ത്യക്കാർ മലാലയുടെ ട്വീറ്റിനെ സംശയത്തോടെയാണ് കണ്ടത്. ‘ഞാൻ നിരാശയാണ്. ലക്ഷ്യം നഷ്ടപ്പെട്ടതുപോലെ എനിക്കു തോന്നുന്നു. കാരണം എനിക്കു സ്കൂളിൽ പോകാൻ കഴിയുന്നില്ല. ഓഗസ്റ്റ് 12 നായിരുന്നു എന്റെ പരീക്ഷ. അന്ന് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ഭാവി ഇരുളടഞ്ഞതുപോലെയാണ് എനിക്കു തോന്നുന്നത്. ഒരു എഴുത്തുകാരിയാകണം എന്നായിരുന്നു എന്റെ ആഗ്രഹം. സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു കശ്മീരി യുവതി. അതായിരുന്നു എന്റെ ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷ്യം എന്നില്‍നിന്ന് അകന്നുപോകുന്നു. ആഗ്രഹം നിരാശയായി മാറുന്നു’. എന്നായിരുന്നു മലാല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

ഇതിനെ തുടർന്നാണ് ഹീന സിദ്ധു രംഗത്തെത്തിയത്. ‘കശ്മീർ പാകിസ്ഥാനു നൽകണമെന്നാണല്ലോ നിങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് ആ രാജ്യം വിട്ടുവെന്ന് നിങ്ങൾ ലോകത്തോടു പറയണം. സ്കൂളിൽ പോകാനുള്ള യാത്രയ്ക്കിടെ സ്വന്തം ജീവനെടുക്കാൻ വന്ന വെടിയുണ്ട മറന്നുപോയോ. ഇനിയൊരിക്കലും പാക്കിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങൾ തന്നെയല്ലേ പറഞ്ഞത്. നിങ്ങളെപ്പോലെ എത്രയോ പെൺകുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത സാഹചര്യമല്ലേ ഇപ്പോൾത്തന്നെ അവിടെയുള്ളത്. നിങ്ങൾക്കു രാജ്യസ്നേഹം കൂടുതലാണെങ്കിൽ ആദ്യം പാക്കിസ്ഥാനിലേക്കു പോകൂ. എന്നിട്ടുമാത്രം മറ്റുള്ളവരെ ആഹ്വാനം ചെയ്യൂ. ഹീന സിദ്ധു ട്വിറ്ററിൽ കുറിച്ചു. ഹീനയുടെ ട്വീറ്റിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.