'അവരോടൊപ്പമുള്ള എന്റെ യാത്ര അവസാനിച്ചു'; നന്ദി പറഞ്ഞ് കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി
നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷമാണ് ഗുരുവായൂരിൽ നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബാംഗമാണ്. ജമീന്ദാർ കുടുംബമാണ് ഇവരുടേത്.
താരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടിയിരുന്നു. 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും താരിണിയും പങ്കെടുത്തിരുന്നു. അടുത്തിടെ 'ടീ വിത്ത് ടി ((Tea with T)' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങിയ വിശേഷം താരിണി പങ്കുവച്ചിരുന്നു. തന്റെ സൗന്ദര്യം, ഫാഷൻ, ഉൽപന്നങ്ങൾ സത്യസന്ധമായ അഭിപ്രായം, ദിവസേന നടക്കുന്ന കാര്യങ്ങൾ എന്നിവയും തനിക്ക് വരുന്ന മെസേജിന് മറുപടിയും ഇതിലൂടെ നൽകുമെന്നാണ് അന്ന് താരിണി അറിയിച്ചത്.
ഇപ്പോഴിതാ താരിണിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്. 'ടെെംസ് ടാലൻറ്റ്' എന്ന കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചുവെന്നാണ് താരിണി വെളിപ്പെടുത്തിയത്. 'നാല് വർഷം 'ടെെംസ് ടാലൻറ്റ്' എന്ന കമ്പനിക്കൊപ്പം പ്രവർത്തിച്ചതിൽ സന്തോഷിക്കുന്നു. അവരോടൊപ്പമുള്ള എന്റെ യാത്ര ഇപ്പോൾ അവസാനിച്ചു. ഇനി ഞാൻ വ്യക്തിഗതമായി പ്രവർത്തിക്കും. ജോലി സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഈ ഇമെയിൽ വഴി എന്നെ ബന്ധപ്പെടാവുന്നതാണ്. നന്ദി'- എന്നാണ് താരിണി കുറിച്ചത്. ഇമെയിൽ ഐഡിയും സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.