ഇനി ഒരു രാജ്യം ഒറ്റ പാർട്ടി ? ഹിന്ദി മുദ്രാവാക്യത്തിന് പിന്നാലെ ബഹുസംഘടനാ ജനാധിപത്യത്തെ ചോദ്യം ചെയ്ത് അമിത് ഷാ
ന്യൂഡൽഹി: 'ഒരു രാജ്യം ഒരൊറ്റ ഭാഷ' എന്ന മുദ്രാവാക്യത്തിന് പിന്നാലെ രാജ്യത്തെ ബഹുപാർട്ടി സംവിധാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ .
ബഹുപാർട്ടി ജനാധിപത്യത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉണ്ടെന്നാണ് അമിത് ഷായുടെ അവകാശവാദം. സ്വാതന്ത്റ്യം ലഭിച്ച് 70 വർഷത്തിന് ശേഷം ബഹു പാർട്ടി ജനാധിപത്യ സംവിധാനം പരാജയമാണെന്ന് മനസിലായപ്പോൾ ജനം അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടന നിർമ്മാതാക്കൾ സ്വപ്നം കണ്ട ഇന്ത്യയെ നിർമ്മിക്കുന്നതിനും ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തുന്നതിനും ബഹുപാർട്ടി സംവിധാനം കാര്യക്ഷമമല്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ക്ഷേമരാഷ്ട്രം സൃഷ്ടിക്കുകയെന്നതാണ് ബഹുപാർട്ടി സംവിധാനത്തിന്റെ ലക്ഷ്യം. എല്ലാവരും തുല്യരായ, തുല്യ അവസരമുള്ള രാഷ്ട്ര സൃഷ്ടിക്കുകയെന്നതായിരുന്നു നമ്മുടെ രാഷ്ട്രശില്പികളുടെ ലക്ഷ്യം.' അമിത് ഷാ പറയുന്നു.
' പക്ഷേ സ്വാതന്ത്റ്യം നേടി 70 വർഷത്തിനിപ്പുറം ബഹുപാർട്ടി പാർലമെന്ററി ജനാധിപത്യ സംവിധാനം പരാജയപ്പെട്ടോയെന്ന ചോദ്യം ജനങ്ങളുടെ മനസിൽ ഉയർന്നിരിക്കുകയാണ്. നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ സ്വപ്നം കണ്ട ഇന്ത്യ നിർമ്മിക്കാൻ മൾട്ടി പാർട്ടി സംവിധാനം കൊണ്ട് സാധിച്ചോ? എന്ന് അമിത് ഷാ ചോദിച്ചു.