മുടി വെട്ടി ക്ലാസിൽ വരാൻ നിർദ്ദേശിച്ചു; സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ കുത്തിക്കൊന്നു

Thursday 10 July 2025 3:35 PM IST

ചണ്ഡീഗഢ്: സ്‌കൂൾ പ്രിൻസിപ്പലിനെ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മുടി വെട്ടാൻ നിർദ്ദേശിച്ചതിന്റെ ദേഷ്യത്തിലാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ചത്. കൃത്താർ മെമ്മോറിയൽ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ജഗ്‌‌ബീർ സിംഗാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ സ്‌കൂളിൽ പരീക്ഷ നടക്കുകയായിരുന്നു.

സ്‌കൂളിലെത്തിയ വിദ്യാർത്ഥികളോട് മുടി വെട്ടാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ കത്തിയുപയോഗിച്ച് ആക്രമിച്ചത്. ജഗ്‌‌ബീർ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിദ്യാർത്ഥികളെ ഇതുവരെ അറസ്​റ്റ് ചെയ്തിട്ടില്ല. പോസ്​റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുളളൂ.